ആദിവാസി കുടുംബത്തിന്റെ വീടും സ്ഥലവും ജപ്തി ചെയ്തത് പരിശോധിക്കാൻ കളക്ടറുടെ നിർദേശം
1585497
Thursday, August 21, 2025 7:53 AM IST
കൊട്ടിയൂർ: പൊട്ടൻതോടില് ആദിവാസി കുടുംബത്തിന്റെ വീടും സ്ഥലം ജപ്തി ചെയ്തു വില്പനയ്ക്ക് വച്ചതുമായി ബന്ധപ്പെട്ട നടപടികൾ പരിശോധിക്കാൻ ഇരിട്ടി തഹസിൽദാർക്ക് ജില്ലാ കളക്ടറുടെ നിർദേശം. തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ഫയല്‍ സര്‍ക്കാരിന് കൈമാറാനും കളക്ടര്‍ നിര്‍ദേശം നല്കി.
കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം നല്കിയ കത്തിനെ തുടര്‍ന്നാണ് കളക്ടറുടെ ഇടപെടൽ. സിപിഐ പേരാവൂര്‍ മണ്ഡലം കമ്മിറ്റിയും വിഷയത്തില്‍ ഇടപെട്ടിരുന്നു. നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് കാണിച്ച് റവന്യു മന്ത്രി കെ. രാജന് കത്ത് നല്‍കിയിരുന്നു. തഹസില്‍ദാറുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പട്ടിക വകുപ്പ് മന്ത്രിക്കും റോയി നന്പുടാകം കത്തയച്ചിരുന്നു.
കോടതി വിധിച്ച 40,000 രൂപ പിഴ അടയ്ക്കാത്തതിനെ തുടർന്നായിരുന്നു കൊട്ടിയൂർ പഞ്ചായത്തിലെ ചുങ്കക്കുന്നിലുള്ള പൊട്ടൻതോട് ഉന്നതിയിലെ കരിക്കൻ ചോടോത്ത് ചെല്ലക്കയുടേയും മക്കളുടേയും പേരിലുള്ള ഭൂമിയും വീടുകളും ജപ്തി ചെയ്തത്. വീടും സ്ഥലവും പരസ്യമായി ലേലം ചെയ്യുമെന്ന് കാണിച്ച് റവന്യു വകുപ്പ് നോട്ടീസും നൽകിയിരുന്നു. സഹോദരിയുടെ മകനുമായി ബന്ധപ്പെട്ട് പോലീസ് കേസ് ഉണ്ടായപ്പോൾ ചെല്ലക്കയുടെ ഭർത്താവ് വെളുക്കന് ജാമ്യം നിന്നിരുന്നു.
അതിൽ പ്രതികളായ കക്ഷികളും ജാമ്യക്കാരും പതിവായി ഹാജരാകാത്തതിനാലാണ് തുടർനടപടികൾ ഉണ്ടായത്. കേസിൽ പ്രതികളായവർ ഇപ്പോൾ ആറളം സെറ്റിൽമെന്റ് ഏരിയയിൽ വീടും സ്ഥലവും ലഭിച്ച് താമസിക്കുകയാണെങ്കിലും തങ്ങളുടെ കുടുംബമാണ് നടപടികൾക്ക് ഇരയായതെന്നും ചെല്ലക്കയും കുടുംബവും പറഞ്ഞു.
ജാമ്യംനിന്ന വെളുക്കൻ 12 വർഷം മുന്‍പ് മരിച്ചു. ആറ് മക്കളാണ് വെളുക്കൻ- ചെല്ലക്ക ദന്പതികൾക്കുള്ളത്. ഇതിൽ രണ്ടു മക്കളും വർഷങ്ങൾക്കു മുന്‍പ് മരിച്ചു. വെളുക്കന് എട്ട് സെന്റ് ഭൂമിയാണ് ഉണ്ടായിരുന്നത്.
ഇതിൽ ഒരു ഭാഗത്ത് മകന്റെ മകൾ വീടുവച്ച് താമസിക്കുന്നുണ്ട്. ചെല്ലക്കയ്ക്ക് 80 വയസിനു മുകളിലാണ് പ്രായം. നടപടികൾ അന്തിമഘട്ടത്തിൽ എത്തിയപ്പോൾ മാത്രമാണ് കേസ് സംബന്ധിച്ച വിവരം കുടുംബം അറിയുന്നത്.
റവന്യു വകുപ്പിന് വേണ്ടി ഇരിട്ടി തഹസിൽദാരാണ് നടപടികൾ സ്വീകരിച്ചിട്ടുള്ളത്. തുകയും ചെലവും പലിശയും അടച്ചാൽ ലേലം ഒഴിവാക്കുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇത്തരം ഒരു കോടതി നടപടി ഉണ്ടായിരുന്നതായി തങ്ങൾക്ക് അറിവില്ലെന്നാണ് കുടുംബം പറയുന്നത്.പണിയ വിഭാഗത്തിൽപ്പെട്ടവരാണ് വെളുക്കനും കുടുംബവും. അതിനാൽ തന്നെ കോടതി നടപടികൾ ഉണ്ടാകുമ്പോൾ പട്ടികജാതി പട്ടികവർഗ വകുപ്പ് ഇടപെടേണ്ടതാണെങ്കിലും അതുണ്ടായിട്ടുമില്ല.
രണ്ട് പതിറ്റാണ്ടോളം പഴക്കമുള്ള കേസിൽ നിരവധി നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ മാത്രമാണ് ജപ്തി ലേല നടപടികൾ വരെ എത്തുക.
കേസ് സംബന്ധിച്ച് പോലീസ് പരിശോധന വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. കേസിലെ കക്ഷികൾ ഇപ്പോഴും ജീവിച്ചിരിക്കുന്നതിനാലും ജാമ്യംനിന്ന വ്യക്തി മരിച്ച് പതിറ്റാണ്ട് കഴിഞ്ഞതിനാലും നടപടി സ്വീകരിക്കുന്നത് ഒഴിവാക്കണമെന്നാണ് ചെല്ലക്കയും മക്കളും ആവശ്യപ്പെടുന്നത്.