ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ സഹപാഠിയെ രക്ഷിച്ച് എസ്പിസി കേഡറ്റ്
1584770
Tuesday, August 19, 2025 2:00 AM IST
കാഞ്ഞങ്ങാട്: ദുർഗ ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി കേഡറ്റ് മുഹമ്മദ് സഹൽ ഷഹസാദിന് ദുരന്തനിവാരണസേനയുടെ പരിശീലനം കിട്ടിയത് വെറുതെയായില്ല. തൊട്ടടുത്തിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന സഹപാഠി ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീർപ്പുമുട്ടിയപ്പോൾ നിമിഷാർധനേരം കൊണ്ട് നെഞ്ചിലും പൊക്കിളിലും അമർത്തി ഭക്ഷണാവശിഷ്ടങ്ങളെ പുറത്തെത്തിച്ച് ശ്വാസഗതി നേരെയാക്കാനും ജീവൻ രക്ഷിക്കാനും സഹലിന് കഴിഞ്ഞു.
സഹപാഠിയായ മുഹമ്മദ് അജാസ് ഫാദിയാണ് സഹലിന്റെ കൃത്യസമയത്തെ ഇടപെടൽ കൊണ്ട് അപകടത്തിൽനിന്നും രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഇരുവരും ഒരുമിച്ച് കടയിൽനിന്ന് ഭക്ഷണം വാങ്ങി കഴിക്കുമ്പോഴായിരുന്നു സംഭവം.
ബല്ല കടപ്പുറത്തെ ആർ.സി. ബഷീറിന്റെയും ആരിഫയുടെയും മകനാണ് സഹൽ. സ്കൂൾ എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ സഹലിനെ അനുമോദിച്ചു.
ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ പി. അജിത് കുമാർ സഹലിന് ഉപഹാരം നൽകി. പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു.
എൻഡിആർഎഫ് ഇൻസ്പക്ടർ അർജ്ജുൻപാൽ രജപഥ്, സബ് ഇൻസ്പെക്ടർ പ്രദീപ് ഭട്ട്, എസ്പിസി ജില്ല എഡിഎൻഒ ടി. തമ്പാൻ, പരിശീലകൻ കെ. രവീന്ദ്രൻ, മുഖ്യാധ്യാപിക പി. സുമ, സ്റ്റാഫ് സെക്രട്ടറി കെ.വി. രാജേഷ്, എം. തുഷാര, പി.വി. ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.