ആറളത്ത് 138 കുടുംബങ്ങൾക്ക് കൂടി ഒരേക്കർ ഭൂമി
1584435
Sunday, August 17, 2025 8:05 AM IST
ഇരിട്ടി: ആറളം ഫാം പുരധിവാസ മേഖലയിലെ 986 കുടുംബങ്ങളുടെ പട്ടയം (കൈവശാവകാശ രേഖ) റദ്ദാക്കിക്കൊണ്ട് സർക്കാർ ഉത്തരവായതിനു പിന്നാലെ ഭൂരഹിതരായ 138 കുടുംബങ്ങൾക്ക് ഉടൻ പുതുതായി പട്ടയം അനുവദിക്കും. ഒരേക്കർ ഭൂമി അനുവദിച്ചിട്ടും 10 വർഷത്തിലധികമായി കൈവശ ഭൂമിയിൽ താമസിക്കാത്തവരുടെ പട്ടയമാണ് സർക്കാർ തിരിച്ചുപിടിച്ചത്.
നേരത്തെ താമസമാക്കാത്തവർക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിൽ വ്യക്തമായ മറുപടി നൽകാത്ത കുടുംബങ്ങളുടെയും സ്വമേധയാ പട്ടയം പട്ടയം റദ്ദ് ചെയ്തു തരണമെന്ന് കാണിച്ച് അപേക്ഷ നൽകിവരുടെയും പട്ടയമാണ് റവന്യു വകുപ്പ് ഹിയറിംഗ് നടത്തി റദ്ദാക്കിയത്.
റദ്ദാക്കിയ പട്ടയങ്ങളിൽനിന്ന് 138 ഏക്കർ ഭൂമി 138 കുടുംബങ്ങൾക്കായി പതിച്ചു നൽകുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ഫാമിൽ കൈയേറ്റക്കാരായി താമസിക്കുന്ന ഭൂരഹിതരായ കുടുംബങ്ങൾക്കും നേരത്തെ ഭൂമിക്കായി അപേക്ഷ നൽകിയവർക്കുമാണ് പട്ടയം നൽകുന്നത്. കുടുംബങ്ങൾക്ക് അനുവദിക്കേണ്ട പ്ലോട്ടുകൾ നേരത്തെ നറുക്കെടുപ്പിലൂടെ നിർണയിച്ചിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള നടപടികൾ ആരംഭിക്കുന്നതിന് മുന്പ് പട്ടയം അനുവദിക്കാനാണ് ആലോചന.
പേരാവൂർ, ഇരിക്കൂർ നിയോജക മണ്ഡലങ്ങളിൽ നിന്നുള്ളവർക്കാണ് പട്ടയം അനുവദിക്കുന്നത്. രണ്ട് മണ്ഡലങ്ങളിലേയും ജനപ്രതിനിധികളുടെ സൗകര്യം കൂടി ഉറപ്പാക്കി പട്ടയമേള നടത്തും. പുനരധിവാസ മേഖല ബ്ലോക്ക് ഏഴു മുതൽ 13 വരെയുള്ള മേഖലകളിൽ പട്ടയം ലഭിച്ചിട്ടും താമസമാക്കാത്തവരുടെ ഭൂമി ഏതെന്ന് നിർണയിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഇരിട്ടി താലൂക്ക് ഭൂരേഖാ വിഭാഗം തഹസിൽദാരോട് നേരത്തെ നിർദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 1962 പേരുടെ പട്ടയ ഭൂമിയിൽ ആരും താമസിക്കുന്നില്ലെന്ന് കണ്ടെത്തി.
ഫാമിൽ ഭൂരഹിതരായ 3520 കുടുംബങ്ങൾക്കാണ് അഞ്ചു ഘട്ടങ്ങളിലായി ഒരേക്കർ ഭൂമി അനുവദിച്ചത്. ഇതിൽ 2000ൽ താഴെ കുടുംബങ്ങൾ മാത്രമാണ് ഫാമിനുള്ളിൽ ഇപ്പോൾ വീടുവച്ച് കഴിയുന്നത്. വയനാട് ജില്ലയിൽ നിന്നുള്ള 450 കുടുംബങ്ങൾക്കും പട്ടയം അനുവദിച്ചിരുന്നു. ഇതിൽ 50ൽ താഴെ കുടുംബങ്ങൾ മാത്രമാണ് ഫാമിൽ താമസിക്കുന്നത്. ഇവരുടെ ഭൂമിയും അനാഥമായി കിടക്കുകയാണ്. കാട്ടാനശല്യം മൂലവും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതുകൊണ്ടുമാണ് പല കുടുംബങ്ങളും ഫാമിൽ സ്ഥിര താമസമാക്കാൻ മടിക്കുന്നത്.
ഒഴിഞ്ഞുപോയ കുടുംബങ്ങളുടെ ഭൂമി കാട് മൂടി വനത്തിന് സമാനമായി കിടക്കുകയാണ്. ഇവിടങ്ങളിലാണ് കാട്ടാന ഉൾപ്പെടെ വന്യമൃഗങ്ങളുടെ താവളം.
300ഓളം കൈയേറ്റക്കാർ
പുനരധിവാസ മേഖലയിൽ വിവിധ ബ്ലോക്കുകളിലായി 300 ഓളം കുടുംബങ്ങൾ ഭൂമി കൈയേറി കുടിൽ കെട്ടി താമസിക്കുന്നുണ്ട്. കൂടാതെ, നേരത്തെ അനുവദിച്ച പാട്ടയങ്ങൾ പരസ്പരം വച്ചുമാറി വീട് വച്ച് കഴിയുന്നവരും ഉണ്ട്.
ഇത്തരം പട്ടയങ്ങളിലും തീരുമാനമായിട്ടില്ല. പുരധിവാസ മേഖലയിൽ അടുത്ത ഘട്ട ഭൂമി വിതരണത്തിനായി കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ നിന്നുള്ള ഭൂരഹിതരായ ആദിവാസി കുടുംബങ്ങളിൽനിന്ന് അപേക്ഷ സ്വീകരിച്ചിട്ടുണ്ട്. ഫാമിൽ താമസിക്കാത്തവരുടെ പട്ടയം റദ്ദാക്കി പുതിയ അപേക്ഷകർക്ക് നൽകുന്നതിന്റെ ഭാഗമായാണ് വർഷങ്ങൾക്ക് മുന്പ് അപേക്ഷ സ്വീകരിച്ചത്. റദ്ദാക്കിയ പട്ടയം ഉടമകളുടെ ഭൂമി കൈയേറ്റക്കാർക്കും പുതിയ അപേക്ഷകർക്കും അനുവദിച്ചേക്കും.
എന്നാൽ, പട്ടയം തിരിച്ചുപിടിക്കുന്നതിനെതിരെ ആദിവാസി സംഘടനകളിൽനിന്ന് കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. ചിലരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് കൈവശക്കാരിൽ നിന്നു പട്ടയം തിരിച്ചുപിടിക്കുന്നതെന്നാണ് ആവരുടെ ആരോപണം.