പ്ലസ് ടു വിദ്യാർഥികൾ വാടകയ്ക്കെടുത്ത് ഓടിച്ച കാർ തലകീഴായി മറിഞ്ഞു
1584765
Tuesday, August 19, 2025 1:59 AM IST
ഇരിട്ടി: 17 വയസുള്ള പ്ലസ് ടു വിദ്യാർഥികൾ വാടകയ്ക്കെടുത്ത് ഓടിച്ച കാർ അപകടത്തിൽപ്പെട്ടു. തലകീഴായി മറിഞ്ഞ കാറിലെ പെൺകുട്ടികളടക്കമുള്ള യാത്രക്കാർ രക്ഷപ്പെട്ടു. ശബ്ദം കേട്ട് ഓടിക്കൂടിയ പ്രദേശവാസികൾ യാത്രക്കാരായ നാലു വിദ്യാർഥികളെയും ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടി-കൂട്ടുപുഴ റോഡിൽ ബെൻഹിൽ സ്കൂളിനും കേളൻപീടികയ്ക്കും ഇടയിൽ ഇന്നലെ രാവിലെ 11 ഓടെ ആയിരുന്നു അപകടം. വാഹനത്തിൽ സ്കൂളിലെ നാല് വിദ്യാർഥികളാണുണ്ടായിരുന്നത്. പെൺകുട്ടികൾ രണ്ടുപേരും സ്കൂൾ യൂണിഫോമിൽ ആയിരുന്നു.
അമിതവേഗതയിൽ എത്തിയ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് സുരക്ഷാ തൂണുകളിൽ ഇടിച്ചുമറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആറിലധികം തൂണുകൾ തകർത്ത ശേഷമാണ് വാഹനം മറിഞ്ഞത്. വാഹനം ഭാഗികമായി തകർന്നു. വാഹനം ഓടിച്ച വിദ്യാർഥിക്ക് ലൈസൻസ് ഇല്ലെന്ന് പോലീസ് പറഞ്ഞു. വാഹനം ഓടിച്ച പാലോട്ടുപള്ളി സ്വദേശി മുഹമ്മദ് ആസാദിനെതിരേ (18) ഇരിട്ടി പോലീസ് കേസെടുത്തു. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിനാണ് കേസ്.