വ്യാപാരിയെ മർദിച്ച സംഭവം: ചെമ്പേരിയിൽ കെവിവിഇഎസ് ഹർത്താൽ ആചരിച്ചു
1585050
Wednesday, August 20, 2025 1:52 AM IST
ചെമ്പേരി: ചെന്പേരി ടൗണിലെ വ്യാപാരിയെ കടയിൽ കയറി മർദിച്ചതിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെന്പേരി യൂണിറ്റിന്റെ നേതൃത്വത്തിൽ കടകൾ അടച്ച് ഹർത്താൽ നടത്തി.
ഇന്നലെ ഉച്ചകഴിഞ്ഞ് നടത്തിയ ഹർത്താലിനൊപ്പം പ്രകടനവും പ്രതിഷേധ യോഗവും നടത്തി.
പ്രതിഷേധ യോഗം കെവിവിഇഎസ് ശ്രീകണ്ഠപുരം മേഖല പ്രസിഡന്റ് ജോർജ് തോണിയ്ക്കൽ ഉദ്ഘാടനം ചെയ്തു. മദ്യപാനിയും സാമൂഹ്യവിരുദ്ധനുമായ വ്യക്തി കടയിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയിട്ടും പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തി. അക്രമിക്കെതിരെ ശക്തമായ നടപടിയുണ്ടായില്ലെങ്കിൽ പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമര പരിപാടികൾ നടത്തുമെന്ന് ജോർജ് തോണിക്കൽ പറഞ്ഞു.
സെക്രട്ടറി റെജി പവൻ, വൈസ് പ്രസിഡന്റുമാരായ സാജു മണ്ഡപത്തിൽ, പയസ് മരിയ. ട്രഷർ രാജു ആൽവിൻ, യൂത്ത് വിംഗ് പ്രസിഡന്റ് അനീഷ് തോണക്കര എന്നിവർ പ്രസംഗിച്ചു.