കർണാടകയിൽ ആട് മോഷണം: ജാമ്യത്തിലിറങ്ങി മുങ്ങിയ മണക്കടവ് സ്വദേശി അറസ്റ്റിൽ
1584759
Tuesday, August 19, 2025 1:59 AM IST
ആലക്കോട്: കർണാടകയിലെ ആട് മോഷണക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ യുവാവ് അറസ്റ്റിൽ. മണക്കടവ് ചീക്കാട് സ്വദേശി ഉന്മേഷ് (36) ആണ് ബെല്ലാരി പോലീസ് ആലക്കോട് നിന്ന് അറസ്റ്റ് ചെയ്തത്. 2021ൽ ബെല്ലാരി പോലീസ് സ്റ്റേഷൻ പരിധിയിലെ ഫാമിൽ നിന്ന് ഉന്മേഷ് ഉൾപ്പെട്ട സംഘം ആടിനെ മോഷ്ടിച്ച് കടത്തിയിരുന്നു.
ഈ കേസിൽ അറസ്റ്റിലായ ഉന്മേഷ് ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയായ ഇയാളെ കാപ്പ പ്രകാരം 2022ൽ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്നു. പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസം കാർത്തികപുരത്തെ ഹോട്ടലിൽ കയറി അതിക്രമം നടത്തിയതിന് ഉന്മേഷിനെയും സുഹൃത്ത് സോജനെയും ആലക്കോട് എസ്ഐ കെ.ജെ. മാത്യു അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിലാണ് കർണാടക കേസിൽ മുങ്ങിയതാണെന്ന് വ്യക്തമായത്. ആലക്കോട് പോലീസ് വിവരം അറിയിച്ചതിനെത്തുടർന്ന് ബെല്ലാരി പോലീസ് ആലക്കോട്ടെത്തി ഉന്മേഷിനെ കസ്റ്റഡിയിലെടുത്തത്.