ഇരിട്ടി അഗ്നിരക്ഷാ നിലയത്തിന് കെട്ടിടം യാഥാർഥ്യമാകുന്നു; 1.62 കോടിയുടെ പ്രവൃത്തിക്ക് ഭരണാനുമതി
1585489
Thursday, August 21, 2025 7:41 AM IST
ഇരിട്ടി: ഒന്നര പതിറ്റാണ്ടായി ഇടിഞ്ഞുപൊളിഞ്ഞ വാടക കെട്ടിടത്തിൽ വീർപ്പുമുട്ടി കഴിയുന്ന ഇരിട്ടി അഗ്നിരക്ഷാ നിലയത്തിന് പുതിയ കെട്ടിടം നിർമിക്കാൻ 1.62 കോടിയുടെ ഭരണാനുമതി ലഭിച്ചു. കഴിഞ്ഞ ബജറ്റിൽ കെട്ടിട നിർമാണത്തിന് 30 ലക്ഷം അനുവദിച്ചിരുന്നു.
കെട്ടിടത്തിന്റെ നിർമാണത്തിന് പൊതുമരാമത്ത് വകുപ്പ് തയാറാക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി നൽകിയതായി സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. അഗ്നിരക്ഷാ വകുപ്പ് അംഗീകരിച്ച പദ്ധതിയിൽ ഓഫീസ് കം റിക്കാർഡ് റൂം, സ്റ്റേഷൻ ഓഫീസർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ റൂം, ലേഡീസ് റെസ്റ്റ് റൂം, കിച്ചൺ, ഡൈനിംഗ് റൂം, സ്റ്റോർ കം മെക്കാനിക് റൂം, കംപ്രസർ റൂം, ടോയ്ലറ്റ് എന്നിവയാണ് നിർമിക്കുന്നത്. സാങ്കേതികാനുമതി ലഭിച്ച് ടെൻഡർ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് പ്രവൃത്തി ആരംഭിക്കാൻ കഴിയുമെന്നും എംഎൽഎ അറിയിച്ചു.
ഇരിട്ടി-എടക്കാനം റോഡിൽ ബലക്ഷയം ബാധിച്ച പഴയ സർക്കാർ ആശുപത്രി കെട്ടിടത്തിൽ വീർപ്പുമുട്ടി കഴിയുന്ന ഓഫീസിനെ സൗകര്യമുള്ള സ്ഥലത്തേക്ക് മാറ്റണമെന്ന ആവശ്യത്തിന് വർഷങ്ങൾക്ക് ശേഷമാണ് അനുമതി ലഭിച്ചത്. പയഞ്ചേരി വികാസ്നഗർ റോഡിൽ പഴയ ക്വാറിയോട് ചേർന്ന പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള 1.40 ഏക്കർ ഭൂമിയിൽ 40 സെന്റ് ഭൂമി ഇരിട്ടി അഗ്നിരക്ഷാ നിലയത്തിന് കെട്ടിട നിർമാണത്തിനായി പതിച്ചു നൽകുന്നത് നാലുവർഷം മുന്പാണ്.
പഴയ ആശുപത്രി കെട്ടിടം അറ്റകുറ്റപ്പണി തീർത്താണ് അഗ്നിരക്ഷാ നിലയത്തിനുള്ള ഓഫീസായി പ്രവർത്തിക്കുന്നത്. ഇടുങ്ങിയ മുറികളും കനത്ത മഴ പെയ്താൽ വെള്ളം കയറുകയും ചെയ്യുന്ന കെട്ടിടത്തിലാണ് 2010 ഡിസംബർ മുതൽ ഓഫീസ് പ്രവർത്തിക്കുന്നത്. രണ്ട് ഫയർ എൻജിനുകൾ, ആംബുലൻസ്, ജീവൻരക്ഷാ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ നിർത്തിയിടാനുള്ള സൗകര്യങ്ങളും പരിമിതമാണ്. കഴിഞ്ഞ രണ്ട് പ്രളയത്തിലും ഓഫീസിൽ വെള്ളം കയറി ഫയലുകളും ഉപകരണങ്ങളുമെല്ലാം നശിച്ചിരുന്നു.
പ്രതിവർഷം 200 ഓളം കേസുകളാണ് അഗ്നിരക്ഷാ നിലയം കൈകാര്യം ചെയ്യുന്നത്. വേനൽക്കാലത്തുണ്ടാകുന്ന തീപിടിത്തവും മഴക്കാലത്ത് മരംകടപുഴകി ഉണ്ടാകുന്ന അപകടങ്ങളും ഏറെയാണ്. മലയോര മേഖലയുടെ പ്രത്യേകതകൾ ഉൾക്കൊണ്ട് സേനയെ ഫലപ്രദമായി വിനിയോഗിക്കാനുള്ള സൗകര്യം അത്യാവശ്യമാണ്.