ആറളത്തെ 2000 കർഷകർ പുറത്താകൽ ഭീഷണിയിൽ
1585052
Wednesday, August 20, 2025 1:52 AM IST
ഇരിട്ടി: കർഷകർക്ക് കേന്ദ്രസർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് നടപ്പാക്കുന്ന അഗ്രി സ്റ്റാക്ക് കർഷക രജിസ്ട്രേഷൻ പദ്ധതിയിൽനിന്ന് ആറളം പുരധിവാസ മേഖലയിലെ രണ്ടായിരത്തോളം കർഷകർ പുറത്താകൽ ഭീഷണിയിൽ. പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ ഭൂനികുതി നിർബന്ധമാക്കിക്കൊണ്ടുള്ള രജിസ്ട്രേഷൻ നടപടികളാണ് ആദിവാസി കുടുംബങ്ങളെ ആശങ്കയിലാക്കിയിരിക്കുന്നത്. വനാവകാശ നിയമപ്രകാരം ഭൂമി ലഭിച്ച പുനാധിവാസ മേഖലയിലെ താമസക്കാർക്ക് നികുതിചീട്ട് ലഭ്യമല്ല.
ആദിവാസി കർഷകരെ പദ്ധതിയിൽ അംഗമാക്കുന്നതിന് നികുതിചീട്ടിന് പകരം പട്ടയമോ മറ്റ് കൈവശാവകാശ രേഖകളോ അപേക്ഷയോടൊപ്പം സമർപ്പിക്കാനുള്ള സംവിധാനം നിലവിലുള്ള രജിസ്ട്രേഷൻ നടപടിയിൽ ഉൾപ്പെടുത്തിയിട്ടുമില്ല.
വനാവകാശ നിയമം പ്രകാരം ഭൂമി ലഭിച്ച കർഷകർക്ക് അപേക്ഷിക്കാനുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചുള്ള നടപടിക്രമങ്ങൾ ഉണ്ടാകുമെന്നാണ് കൃഷി വകുപ്പ് അധികൃതർ പറയുന്നതെങ്കിലും കർഷകർ ആശങ്കയിലാണ്. കർഷക രജിസ്ട്രേഷൻ നടത്തിയില്ലെങ്കിൽ കർഷകർക്ക് പിഎം കിസാൻ പദ്ധതിയിൽ തുടരാൻ കഴിയില്ല. പുനരധിവാസ മേഖലയിലെ രണ്ടായിരത്തോളം കർഷകർക്ക് നിലവിൽ ലഭിക്കുന്ന കാർഷിക ആനുകൂല്യങ്ങൾ ഇതോടെ നിലച്ചേക്കും.
പുനരധിവാസ മേഖലയിൽ 3375 കുടുംബങ്ങൾക്കാണ് ഒരു ഏക്കർ വീതം ഭൂമി സർക്കാർ വിതരണം ചെയ്തത്. ഭൂമിയുടെ പട്ടയം മാത്രമാണ് ഇവർക്ക് നൽകിയിരിക്കുന്നത്. നികുതി ഇല്ലാത്ത ഭൂമിയായതിനാൽ നികുതിചീട്ടുമില്ല. പട്ടയ ഭൂമി കൈമാറ്റം ചെയ്യാനും അവകാശമില്ല. 3375 കുടുംബങ്ങളിൽ ഏറിയ പങ്കും കാർഷികവൃത്തിയിലുള്ളവരാണ്. അഗ്രി സ്റ്റാക്ക് രജിസ്ട്രേഷൻ ഫോമിൽ നികുതി ചീട്ടിന് പകരം പട്ടയമോ ആധാരമോ എന്നുകൂടിയുള്ള സംവിധാനം കൂടി ഉണ്ടായാൽ എല്ലാവർക്കും അപേക്ഷിക്കാൻ കഴിയും.
പുനരധിവാസ മേഖലയിൽ ഒരു റേഷൻ കാർഡിലെ ഒരംഗത്തിന് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരം പ്രതിമാസം ലഭിക്കുന്ന രണ്ടായിരം രൂപ പുതിയ രജിസ്ട്രേഷൻ പൂർത്തിയാക്കിയില്ലെങ്കിൽ മുടങ്ങിയേക്കും. ഇതു വരെ കിസാൻ സമ്മാൻ നിധിയിൽ നിന്നുള്ള ആനുകൂല്യം മുടങ്ങില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. രജിസ്ട്രേഷൻ സമയപരിധി അവസാനിക്കുന്നതിനു മുമ്പേ ഐടി വിഭാഗം ആപ്ലിക്കേഷൻ തിരുത്തൽ വരുത്തി പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് പുനരധിവാസ മേഖലയിലെ കർഷകരും കൃഷിഭവൻ അധികൃതരും.