മുന്നറിയിപ്പില്ലാതെ വാഹനം വഴി തിരിച്ചുവിട്ടു; കണ്ണൂർ-തോട്ടട-തലശേരി റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്
1585038
Wednesday, August 20, 2025 1:52 AM IST
കണ്ണൂർ: കണ്ണൂർ-തോട്ടട-തലശേരി റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. ദേശീയ പാത വികസന പ്രവൃത്തിയുടെ പേരിൽ മുന്നറിയിപ്പില്ലാതെ നടാലിൽ ദേശീയപാത 66 ലേക്കുള്ള പ്രവേശനം തടഞ്ഞതിനെ തുടർന്നാണ് സമരം.
ബസുകൾ വഴിതിരിച്ച് വിട്ടതോടെ തൊഴിലാളികളാണ് സമരം തുടങ്ങിയത്. അടിപ്പാത വിഷയത്തിൽ നടപടി ഉണ്ടാകാത്തതിൽ സമരത്തിന് ഉടമകളുടെയും പിന്തുണയുണ്ട്. അപ്രതീക്ഷിത സമരത്തിൽ യാത്രക്കാർ വലഞ്ഞു.
ചൊവ്വാഴ്ച്ച രാവിലെ 12 വരെ ബസുകൾ ഓടിയിരുന്നു. കണ്ണൂരിൽ നിന്ന് തോട്ടട വഴി തലശേരിയിലേക്ക് വരുന്ന ബസുകളെ നടാൽ റെയിൽവേ ഗേറ്റ് കടന്ന് ഇടത്തോട്ട് പഴയ ബൈപ്പാസ് റോഡ് വഴി 500 മീറ്റർ കഴിഞ്ഞ് പുതിയ ദേശീയ പാതയിലേക്ക് കടത്തി വിടുകയാണ് ചെയ്തത്. ഇതോടെ ബസുകൾക്ക് അധിക ദൂരം സഞ്ചരിക്കേണ്ട സ്ഥിതിയുണ്ടായി.
കൂടാതെ ഒകെ യുപി സ്കൂൾ ബസ് സ്റ്റോപ്പിലെ യാത്രക്കാർ ഒന്നുകിൽ നടാൽ സൂര്യ ബാറിന് മുൻവശമോ എടക്കാടയ്ക്കോ എത്തി ബസ് കയറേണ്ട സ്ഥിതിയായി.
ഉച്ചയ്ക് ശേഷം അധിക ദൂരം സഞ്ചരിക്കേണ്ടതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ് ജീവനക്കാർ പണിമുടക്കുകയായിരുന്നു. ഇതോടെ വൈകുന്നേരം സ്കൂൾ വിട് വീട്ടിലേക്ക് പോകേണ്ടവരും ജോലി കഴിഞ്ഞ് സ്റ്റോപ്പിലെത്തിയവരും പെരുവഴിയിലായി.