ജലസ്രോതസിൽ ഡീസൽ കലരുന്ന സംഭവം; വില്ലേജ് ഓഫീസിന് മുന്നിൽ ധർണ നടത്തി
1584756
Tuesday, August 19, 2025 1:59 AM IST
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരിക്ക് അടുത്ത വലിയപറമ്പുംകരിയിലെ ജലസ്രോതസിൽ ഡീസൽ കലരുന്ന സംഭവത്തിൽ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ധർണ നടത്തി. കരിക്കോട്ടക്കരി വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ജോസഫ് വട്ടുകുളം അധ്യക്ഷത വഹിച്ചു.
ആക്ഷൻ കൗൺസിൽ അംഗങ്ങളായ ജോസ് മുതിരക്കാല, ജിനോ വടക്കേടം, മാമച്ചൻ നാലോലിക്കൽ, ടോമി ഉണ്ണിമാക്കൽ, ബാബു പടിഞ്ഞാറേമുറിയിൽ, ചാക്കോ മുണ്ടംകുന്നേൽ, ബിജോയ് വണ്ടൻമാക്കൽ എന്നിവർ പ്രസംഗിച്ചു. വില്ലേജ് ഓഫീസർ മുതൽ കളക്ടർക്കു വരെ പരാതി നൽകിയിട്ടും പ്രശ്നത്തിന് പരിഹാരം കാണാതെ വന്നതോടെയാണ് പ്രദേശവാസികൾ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രത്യക്ഷ സമരം ആരംഭിക്കുന്നത്.