ഡീസല്‍ ടാങ്കര്‍ മറിഞ്ഞ് അപകടം
1585484
Thursday, August 21, 2025 7:41 AM IST
പയ്യന്നൂര്‍: ദേശീയപാത കണ്ടോത്ത് കോത്തായി മുക്കില്‍ ഡീസല്‍ ടാങ്കര്‍ മറിഞ്ഞ് ഗതാഗത തടസപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി 10.30 തോടെയാണ് അപകടം. മംഗലാപുരത്ത് നിന്നും തിരുവനന്തപുരം കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് 14,000 ലിറ്റര്‍ ഡീസലുമായി പോകുന്ന ടാങ്കര്‍ ലോറിയാണ് മറിഞ്ഞത്.
ഇതോടെ ഡീസല്‍ നിറയ്ക്കുന്ന മുകളിലത്തെ ടാങ്ക് ലിഡ്ഡിലൂടെ പുറത്തേക്കൊഴുകിയ ഡീസലാണ് റോഡില്‍ പരന്ന് അപകടാവസ്ഥയുണ്ടാക്കിയത്. വിവരമറിഞ്ഞെത്തിയ പയ്യന്നൂര്‍ അഗ്നിരക്ഷാസേന സ്റ്റേഷന് ഓഫീസര്‍ സി.പി. രാജേഷിന്റെ നേതൃത്വത്തിൽ പുറത്തേക്കൊഴുകിക്കൊണ്ടിരുന്ന ഡീസല്‍ ബക്കറ്റുകളില്‍ ശേഖരിച്ച് റോഡിലേക്കുള്ള ഡീസലിന്റെ ഒഴുക്ക് നിയന്ത്രിക്കുകയായിരുന്നു. പിന്നീട് വിളിച്ചുവരുത്തിയ രണ്ട് ക്രെയിനുകളുപയോഗിച്ചാണ് ടാങ്കറിനെ നിവര്‍ത്തി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയത്.
റോഡില്‍ ഒഴുകിയ ഡീസല്‍ വെള്ളം പമ്പ് ചെയ്ത് നീക്കം ചെയ്തതിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തില്‍പ്പെട്ട ടാങ്കറിന്റെ ഡ്രൈവര്‍ തസ്റീഫ് അദ്ഭുതകരമായി രക്ഷപ്പെട്ടു.