സംഘം ചേര്‍ന്ന് മര്‍ദനം: അഞ്ച് പേര്‍ക്കെതിരേ വധശ്രമത്തിന് കേസ്
1585492
Thursday, August 21, 2025 7:53 AM IST
പയ്യന്നൂര്‍: സ്കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി സംഘം ചേര്‍ന്ന് മാരകായുധങ്ങളുപയോഗിച്ച് മര്‍ദിച്ചതായുള്ള പരാതിയില്‍ അഞ്ച് പേര്‍ക്കെതിരേ വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകളില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. രാമന്തളി പാലക്കോട് ജുമാ മസ്ജിദിന് സമീപത്തെ മുഹമ്മദ് റഫീഖിന്റെ പരാതിയിലാണ് ഇംത്യാസിനും കൂടെയുണ്ടായിരുന്ന കണ്ടാലറിയാവുന്നവരുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരേയും കേസെടുത്തത്.
തിങ്കളാഴ്ച രാവിലെ ഒന്‍പതോടെയാണ് പരാതിക്കാസ്പദമായ സംഭവം. പാലക്കോട് പെട്രോള്‍ പമ്പിന് സമീപം നില്‍ക്കുകയായിരുന്ന പരാതിക്കാരനെ ഇംത്യാസ് സ്കൂട്ടറില്‍ കയറ്റി ഓലക്കാല് ഹാര്‍ബറിന് സമീപം കൊണ്ടുപോയാണ് ആക്രമിച്ചത്. പരാതിക്കാരന്റെ മരുമകളും ഭര്‍ത്താവും തമ്മിലുള്ള പ്രശ്നത്തില്‍ ഇടപെട്ടതിന്റെ വിരോധത്തിലാണ് മരണംവരെ സംഭവിക്കുമായിരുന്ന ആക്രമണമുണ്ടായതെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.