കെജിഎൻഎ ജില്ലാ സമ്മേളനത്തിന് തുടക്കമായി
1585043
Wednesday, August 20, 2025 1:52 AM IST
കൂത്തുപറമ്പ്: ലോകത്തിന് മാതൃകയായ കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയെ അപകീർത്തിപെടുത്താനുള്ള സംഘടിത നീക്കത്തെ ചെറുത്ത് തോൽപ്പിക്കണമെന്നും സാധാരണക്കാർ ആശ്രയിക്കുന്ന ആരോഗ്യ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള നടപടികൾ ഉണ്ടാകണമെന്നും കേരള ഗവ. നഴ്സസ് അസോസിയേഷൻ (കെജിഎൻഎ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കൂത്തുപറമ്പ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന കൗൺസിൽ സമ്മേളനം കെജിഎൻഎ സംസ്ഥാന സെക്രട്ടറി ടി.ടി. ഖമറുസമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ആർ. സീന അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.വി. ദീപ, സനീഷ് ടി. തോമസ്, ജില്ലാ ജോയിന്റ് സെക്രട്ടറി പി. പ്രീത, കെ.വി. സീന എന്നിവർ പ്രസംഗിച്ചു.
ജില്ലാ സെക്രട്ടറി കെ.വി. പുഷ്പജ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി.പി. സാജൻ വരവുചെലവ് കണക്കും എൻ. രതീഷ് പൊതുപ്രമേയവും അവതരിപ്പിച്ചു. ഇന്നുരാവിലെ 9.30ന് സിറ്റി ഓഡിറ്റോറിയത്തിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. യാത്രയയപ്പ് സമ്മേളനം കെ.കെ. ശൈലജ എംഎൽഎയും പ്രതിനിധി സമ്മേളനം കെജിഎൻഎ സംസ്ഥാന സെക്രട്ടറി എൽ. ദീപയും ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നഴ്സുമാർ അണിനിരക്കുന്ന പ്രകടനം നടക്കും. തുടർന്ന് മാറോളിഘട്ട് ടൗൺ സ്ക്വയറിൽ നടക്കുന്ന പൊതുസമ്മേളനം മുൻ എംഎൽഎ എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്യും.
ഭാരവാഹികൾ: പി.ആർ. സീന-പ്രസിഡന്റ്, എ.എൻ. രതീഷ്, കെ.വി. സീന-വൈസ് പ്രസിഡന്റുമാർ, സനീഷ് ടി. തോമസ്-സെക്രട്ടറി, പി. പ്രീത, എസ്. ദീപു-ജോയിന്റ് സെക്രട്ടറിമാർ, വി.പി. സാജൻ-ട്രഷറർ.