റോഡു നന്നാക്കിയില്ലെങ്കിൽ സർവീസ് നിർത്തിവയ്ക്കുമെന്ന് ബസ് ഉടമകൾ
1584761
Tuesday, August 19, 2025 1:59 AM IST
കണ്ണൂർ: അടിയന്തരമായി ജില്ലയിലെ റോഡുകൾ അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ ബസ് സർവീസ് നിർത്തിവയ്ക്കാൻ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തീരുമാനിച്ചു. റോഡ് തകർന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്.
ഗതാഗതക്കുരുക്ക് കാരണം ദിവസേന ഒന്നും രണ്ടും ട്രിപ്പുകൾ മുടങ്ങുന്നു. മാത്രമല്ല, പല ബസ് സ്റ്റാൻഡുകളിലും കയറാത്തതിന്റെ പേരിൽ യാത്രക്കാരും തൊഴിലാളികളും തമ്മിൽ ദിവസേന സംഘർഷങ്ങളുണ്ടാകുകയാണ്. അതിനാൽ രാവിലെ 8.30 മുതൽ 11.30 വരെയും വൈകുന്നേരം നാലുമുതൽ 6.30 വരെയും സ്വകാര്യ വാഹനങ്ങൾ കണ്ണൂർ, തലശേരി, തളിപ്പറന്പ്, പയ്യന്നൂർ ടൗണുകളിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്നും പൊതുവാഹനങ്ങൾ മാത്രം പ്രവേശിക്കാൻ അനുവദിച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് പി.പി. മോഹനൻ അധ്യക്ഷത വഹിച്ചു. രാജ്കുമാർ കരുവാരത്ത്, പി. രാജൻ, കെ.പി. മുരളീധരൻ, കെ. വിജയമോഹൻ, കെ.പി. മോഹനൻ, എം.ഒ. രാജേഷൻ തുടങ്ങിയവർ പ്രസംഗിച്ചു.