മൊട്ടാന്പ്രത്ത് രണ്ടുപേർക്ക് തെരുവുനായയുടെ കടിയേറ്റു
1585483
Thursday, August 21, 2025 7:41 AM IST
പഴയങ്ങാടി: മൊട്ടാമ്പ്രാത്ത് രണ്ടുപേർക്ക് തെരുവുനായയുടെ കടിയേറ്റു. മാടായി വാടിക്കൽകടവ് സ്വദേശിയായ ഭാസ്കരൻ (57), നാടോടി സ്ത്രീയുമായ വയോധികയ്ക്കുമാണ് കടിയേറ്റത്.
മൊട്ടാന്പ്രത്ത് ബസ് ഇറങ്ങി നാടൻ പണിക്കായി നടന്നുപോകവെ ഭാസ്കാരനെ ഓടിയെത്തിയ തെരുവുനായ കാലിൽ കടിക്കുകയായിരുന്നു. ഇന്നലെ രാവിലെ 8.30 ഓടെയായിരുന്നു സംഭവം. തുടർന്ന് ഇതിന് സമീപം നാടോടിസ്ത്രീയായ വയോധികയ്ക്കും നായയുടെ കടിയേറ്റു.
ഇരുവരെയും കടിച്ചത് ഒരേ നായയാണെന്നാണ് നാട്ടുകാർ പറയുന്നത്. ഭാസ്കരൻ പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. രണ്ടു മൂന്ന് ദിവസങ്ങളായി ഈ പ്രദേശത്ത് അലഞ്ഞ് തിരിയുന്ന തെരുവുനായക്ക് പേവിഷബാധയുള്ളതായി നാട്ടുകാർ പറയുന്നു. മാടായി പഞ്ചായത്തിലെ പഴയങ്ങാടി, മൊട്ടാമ്പ്രം റെയിൽവേ സ്റ്റേഷൻ പരിസരം, റെയിൽവേ ഗേറ്റ്, വെങ്ങര മുക്ക് സർക്കിൾ പരിസരം എന്നിവിടങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്.
കുട്ടികൾക്കും കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിപ്പോകുന്നവർക്കുനേരെയും തെരുവുനായകൾ പാഞ്ഞ് അടുക്കുന്നതും വീണ് പരിക്കേൽക്കുന്നതും ഈ മേഖലകളിൽ പതിവാവുകയാണ്. തെരുവുനായ ശല്യം രൂക്ഷമാകുന്നത് പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഇവയെ നിയന്ത്രിക്കാനുള്ള നടപടികൾ പോലും സ്വീകരിക്കാൻ അധികൃതർ മുൻകൈ എടുക്കുന്നല്ലെന്ന പാരാതിയുമുണ്ട്.