തെറ്റ് തിരുത്തലിന്റെ മറവിൽ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടിനു ശ്രമിക്കുന്നതായി ആരോപണം
1584495
Monday, August 18, 2025 12:22 AM IST
പയ്യാവൂർ: പയ്യാവൂർ പഞ്ചായത്തിലെ വോട്ടർ പട്ടികയിൽ വാർഡുകൾ മാറി വോട്ടർമാർ ഉൾപ്പെട്ടത് തിരുത്തുന്നതിന് വേണ്ടി പഞ്ചായത്ത് സ്വമേധയാ നടത്തുന്ന പ്രക്രിയയുടെ മറവിൽ വ്യാപകമായി ക്രമക്കേട് നടത്താനുള്ള ശ്രമം നടക്കുന്നതായി പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു. ഡീലിമിറ്റേഷൻ കമ്മീഷൻ നടത്തിയ വാർഡ് വിഭജനത്തിൽ വ്യാപകമായ ക്രമക്കേടുകളും നിയമവിരുദ്ധ പ്രവർത്തനങ്ങളുമാണ് ഭരണസമിതിയുടെ നിർദേശത്തെ തുടർന്ന് ചുമതയുള്ള ഉദ്യോഗസ്ഥർ നടത്തിയത്.
കരട് വോട്ടർ പട്ടികയിൽ വോട്ടർമാർ തെറ്റായി വാർഡ് മാറി ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ സ്വമേധയാ തിരുത്താമെന്നുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തിന്റെ മറവിലാണ് സിപിഎമ്മിന്റെയും ഭരണസമിതിയും നേതൃത്വത്തിന്റേയും നിർദേശത്തെ തുടർന്ന് പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ക്രമക്കേടിനു ശ്രമിക്കുന്നത്. ഇടതുപക്ഷത്തിന് ജയസാധ്യത കുറഞ്ഞ വാർഡുകളിൽ നിന്ന് യുഡിഎഫ് അനുകൂല വോട്ടർമാരെ കൂട്ടത്തോടെ മറ്റു വാർഡുകളിലേക്ക് മാറ്റി ചേർക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. വ്യാപകമായി വോട്ടർ മാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
നാട്ടിലുള്ളവരുടെ വരെ വോട്ട് തള്ളിക്കാനുള്ള നടപടികൾ നടക്കുന്നു. പഞ്ചായത്തിൽ നിയമിക്കപ്പെട്ട സിപിഎം അനുകൂല താത്കാലിക കരാർ ജീവനക്കാരാണ് ഇത്തരത്തിൽ ക്രമക്കേടുകൾക്ക് നേതൃത്വം നൽകുന്നത്. ഡീലിമിറ്റേഷൻ പ്രവർത്തനങ്ങളും വോട്ടർപട്ടിക പ്രവർത്തനങ്ങളും സുതാര്യമായും നിയമപരമായും നടത്തണമെന്നിരിക്കെ നിയമവിരുദ്ധമായി പാർട്ടി താത്പര്യം സംരക്ഷിക്കാൻ നിയമിക്കപ്പെട്ട താത്കാലിക ഉദ്യോഗസ്ഥരെ കൊണ്ടും മറ്റും ഇത്തരം ചുമതലകൾ ചെയ്യിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. ഇത്തരത്തിൽ ആരെങ്കിലും ഉണ്ടാക്കുന്ന തെറ്റായ പട്ടികയുടെയും അന്വേഷണം റിപ്പോർട്ടുകളുടെയും താഴെ ഒപ്പിട്ടു കൊടുക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും.
വാർഡ് വിഭജനവുമായി ബന്ധപ്പെട്ട ക്രമക്കേടിനെതിരെ നിലവിൽ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വോട്ടർ പട്ടികയിലും ക്രമക്കേട് നടന്നതായി ബോധ്യപ്പെട്ടാൽ വീണ്ടും നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും, പഞ്ചായത്ത് അംഗങ്ങളായ ടെൻസൺ ജോർജ്, ടി.പി. അഷ്റഫ്, ജിത്തു തോമസ്, ആനീസ് നെട്ടനാനിക്കൽ, സിന്ധു ബെന്നി, സിജി ഒഴാങ്കൽ എന്നിവർ പറഞ്ഞു.