രത്നക്കല്ല് തട്ടിയെടുത്ത രണ്ടു യുവാക്കൾ പിടിയിൽ
1584767
Tuesday, August 19, 2025 1:59 AM IST
തളിപ്പറമ്പ്: രണ്ടര വർഷം മുന്‍പ് കോടികൾ വിലവരുന്ന രണ്ടു കിലോ തൂക്കമുള്ള രത്നക്കല്ല് പട്ടാപ്പകൽ ബൈക്കിലെത്തി തട്ടിയെടുത്ത രണ്ടുപേരെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. ഒരാൾ പിടിയിലാകാനുണ്ട്. ചെറുകുന്ന് തെക്കുമ്പാടിലെ കലേഷ് (36), ചെറുകുന്ന് ആയിരംതെങ്ങിലെ പി.പി. രാഹുൽ (30) എന്നിവരാണ് ഇന്നലെ പിടിയിലായത്. 2023 ജനുവരി ഏഴിന് രാവിലെ 11 നാണ് സംഭവം. തളിപ്പറമ്പ് ലൂർദ് ആശുപത്രിക്ക് പിന്നിലെ ആളൊഴിഞ്ഞ സ്ഥലത്ത് പാലകുളങ്ങരയിലെ തുമ്പിയോടന്‍ വീട്ടില്‍ കൃഷ്ണന്റെ (70) പക്കൽനിന്ന് അക്വമറൈൻ എന്ന രത്നക്കല്ലും ജിയോളജിക്കൽ വകുപ്പിന്റെ സർട്ടിഫിക്കറ്റും തട്ടിയെടുത്ത് രണ്ടംഗ സംഘം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.
കോടികൾ വിലവരുന്ന രത്നക്കല്ല് 45 വർഷമായി ഇയാളുടെ കൈവശമുണ്ടായിരുന്നതായി പറയുന്നു. കലേഷിനൊപ്പം ചില പ്രമുഖ ജ്വല്ലറിക്കാർ കല്ല് വാങ്ങാൻ എത്തിയിരുന്നു. പിന്നീട് കലേഷിനെ കൃഷ്ണൻ ഒഴിവാക്കിയതിനെ തുടർന്ന് കലേഷാണ് കല്ല് തട്ടിയെടുക്കാൻ പദ്ധതി തയാറാക്കിയത്. മയ്യിലിലെ ബിജു എന്ന് കലേഷ് പരിചയപ്പെടുത്തിയത് പ്രകാരം രത്നക്കല്ല് അടങ്ങിയ ബാഗുമായി കൃഷ്ണൻ ചിറവക്ക് ലൂർദ് ആശുപത്രിയ്ക്ക് പിറകിലെ പാർക്കിംഗ് സ്ഥലത്ത് എത്തുകയായിരുന്നു. ഈ സമയം ബൈക്കിലെത്തിയ രണ്ടംഗ സംഘം ബാഗ് തട്ടിപ്പറിച്ച് രക്ഷപ്പെട്ടു. ബൈക്ക് ഓടിച്ചിരുന്നയാളെയാണ് പിടികൂടാനുള്ളത്.
കൃഷ്ണന്റെ പരാതിയിൽ കേസെടുത്തെങ്കിലും അന്വേഷണം എങ്ങും എത്തിയിരുന്നില്ല. തളിപ്പറമ്പ് ഡിവൈഎസ് പി കെ.ഇ. പ്രേമചന്ദ്രൻ, സി.ഐ ബാബുമോൻ, എസ്ഐ ദിനേശൻ കൊതേരി എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.