ഗോത്രശ്രീ കർഷക കമ്പനി
1584769
Tuesday, August 19, 2025 2:00 AM IST
ഇരിട്ടി: ആദിവാസി ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ ആറളം ഫാമിൽ ഗോത്രശ്രീ കർഷക കമ്പനി തുടങ്ങി. നബാർഡിന്റെ ആദിവാസി വികസന ഫണ്ടിൽപ്പെടുത്തി നടപ്പാക്കിയ പദ്ധതി പ്രവർത്തനങ്ങളുടെ തുടർച്ചയായി സെന്റർ ഫോർ റിസർച്ച് ആൻഡ് ഡവലപ്മെന്റ് രൂപീകരിച്ച ഗോത്രശ്രീ ആദിവാസി കർഷക ഉത്പാദക കമ്പനി ആദിവാസി ഉത്പന്നങ്ങൾ വിപണിയിലെത്തിക്കും.
ആറളം ആദിവാസി പുനരധിവാസ മേഖലയിൽ 2017 മുതൽ നടപ്പിലാക്കിയ പദ്ധതി പ്രവർത്തനത്തിന്റെ തുടർച്ചയായാണ് കമ്പനി രൂപീകരിച്ചത്. 10 ആദിവാസി കർഷകർ ഡയറക്ടർ ബോർഡ് അംഗങ്ങളായുള്ള കമ്പനിയിൽ ആയിരം രൂപയുടെ മൂല്യമുള്ള ഓഹരിയെടുത്ത് 410 പേരാണ് അംഗത്വമെടുത്തത്. പദ്ധതി പ്രദേശത്ത് പ്രവർത്തിച്ചുവരുന്ന ഫ്ലോർമിൽ, കശുവണ്ടി സംസ്കരണ യൂണിറ്റ്, തയ്യൽ യൂണിറ്റുകൾ കമ്പനിയുടെ ആസ്തിയായി നിലവിലുണ്ട്. ഇറച്ചിക്കോഴി ഫാം, മഞ്ഞൾ, എള്ള്, കുറുന്തോട്ടി എന്നിവ വ്യാവസായികാടിസ്ഥാനത്തിൽ കൃഷിചെയ്യാനുള്ള പദ്ധതികൾ എന്നിവയ്ക്കും രൂപം നൽകും.
കർഷകരുടെ ഉത്പന്നങ്ങൾ ശേഖരിക്കുന്നതിനും വിപണനം നടത്തുന്നതിനുമായി പുനരധിവാസ മേഖല ബ്ലോക്ക് പത്തിലെ കോട്ടപ്പാറയിലും ബ്ലോക്ക് 11 ലെ കക്കുവയിലും രണ്ട് കേന്ദ്രങ്ങൾ ആരംഭിച്ചു. കക്കുവയിലെ വിപണന കേന്ദ്രം ആറളം ഫാം മാനേജിംഗ് ഡയറക്ടർ എസ്. സുജീഷ് ഉദ്ഘാടനം ചെയ്തു. ഉന്നതി മൂപ്പൻ മോഹനൻ അധ്യക്ഷത വഹിച്ചു. ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. കെ.പി. നിതീഷ് കുമാർ മുഖ്യാതിഥിയായി. ഡയറക്ടർമാരായ കുമാരൻ കോട്ടി, കെ.കെ. മിനി, ഷൈല ഭരതൻ, വത്സല മോഹൻ എന്നിവർ പ്രസംഗിച്ചു. സിആർഡി പ്രോഗ്രാം ഓഫീസർ ഇ.സി. ഷാജി പദ്ധതി വിശദീകരിച്ചു.