പശുവളർത്തലിലും സമ്മിശ്ര കൃഷിയിലും ഡെറിസ് വിസ്മയം
1584436
Sunday, August 17, 2025 8:05 AM IST
ആലക്കോട്: മാതാപിതാക്കൾ പകർന്നുനല്കിയ വഴിയിലൂടെയുള്ള ജീവിതം മുന്നോട്ടു കൊണ്ടുപോകുകയാണ് ആലക്കോട് ബസ്സ്റ്റാൻഡിന് സമീപത്തെ അള്ളുംപുറത്ത് ഡെറിസ് ജോർജ്. പശുവളർത്തലിനൊപ്പം സമ്മിശ്ര കൃഷിരീതിയുടെ പ്രചാരക കൂടിയാണിവർ.
മൂന്ന് ഏക്കറോളം സ്ഥലമാണ് ഇവരുടെ സമ്പുഷ്ടകൃഷിയിടം. പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദമുള്ള 47 കാരിയായ ഡെറിസ് സർക്കാർ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നതിനേക്കാൾ ഉയർന്ന വരുമാനമാണ് സമ്മിശ്ര കൃഷിയിൽനിന്നും നേടുന്നത്. കാർഷിക മേഖലയിൽനിന്നുള്ള മാതാപിതാക്കളുടെ പ്രചോദനമാണ് കൃഷിയിലേക്ക് തിരിയാൻ പ്രേരിപ്പിച്ചതെന്ന് ഡെറിസ് പറയുന്നു.
2009ൽ ചെറിയ രീതിയിലാണ് ആദ്യം പശുവളർത്തലിലൂടെ ഈ രംഗത്തേയ്ക്ക് കടന്നുവരുന്നത്. ഇപ്പോൾ 10 പശുക്കളാണ് ഡെറിസിനുള്ളത്. ദിവസേന 100 ലിറ്ററിലധികം പാൽ വില്പന നടത്തുന്നുണ്ട്. ഒരു വർഷം 10 ലക്ഷത്തിലധികം വരുമാനമാണ് പശുവളർത്തലുമായി ബന്ധപ്പെട്ട് മാത്രം നേടുന്നത്.
പശുക്കളുടെ പാലുത്പാദനം കുറയുമ്പോൾ അവയെ കൊടുത്ത് പുതിയ പശുക്കളെ വാങ്ങുന്നതിനാൽ പാലുത്പാദനത്തിൽ ഒരു കാലത്തും കുറവ് വരാറില്ല. ജേഴ്സി, എച്ച്എഫ് ഇനത്തിൽപ്പെട്ട പശുക്കളെയാണ് വളർത്തുന്നത്. ഈ ഇനത്തിൽപ്പെട്ട പശുക്കളുടെ പാലിന് കൊഴുപ്പും ഗുണമേന്മയും ദീർഘകാലം കറവ എടുക്കാൻ കഴിയുന്നതുമാണ് ഇവയെ തെരഞ്ഞെടുക്കാൻ കാരണം. ആറുമാസത്തിലധികം ഒരു കിടാവിനെയും വളർത്താറില്ല.
അവയെ വാങ്ങിക്കുവാൻ അടുത്ത ജില്ലകളിൽനിന്ന് ആളുകൾ ഡെറിസിനെ തേടി എത്താറുണ്ട്. ചാണകം വിറ്റും നല്ല വരുമാനം ലഭിക്കുന്നുണ്ട്. ഒരു ഏക്കർ സ്ഥലത്താണ് ആവശ്യമായ തീറ്റപ്പുല്ല് കൃഷി ചെയ്യുന്നത്. കൂടാതെ ചോളം, കച്ചി എന്നിവയും പശുക്കൾക്ക് നല്കുന്നുണ്ട്. പശുക്കൾക്ക് കൂട് നിർമിക്കാനും ഉപകരണങ്ങൾ വാങ്ങാനുമായി മൃഗസംരക്ഷണ വകുപ്പിന്റേയും ക്ഷീരവകുപ്പിന്റേയും സബ്സിഡിയും ലഭിക്കുന്നുണ്ട്.
കാർഷികമേഖലയിലും ഡെറിസ് സർവകലാവല്ലഭയാണ്. ഇഞ്ചി, കാച്ചിൽ, ചേന, ചേമ്പ്, വാഴ, കപ്പ, പച്ചക്കറികൾ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. കൂടാതെ മൂന്നു തരത്തിലുള്ള മഞ്ഞൾകൃഷിയും ഡെറിസിന്റെ കൃഷിയിടത്തിൽ ഉണ്ട്. ഉത്പന്നങ്ങൾ കുടുംബശ്രീ, ടിഎസ്എസ്എസ് തുടങ്ങിയ യൂണിറ്റുകൾ മുഖേനയാണ് വില്പന നടത്തുന്നത്. കൂൺ കൃഷിയും കോഴി വളർത്തലും ഡെറിസിനുണ്ട്.
ഭർത്താവ് ജോർജിന്റെ പിന്തുണയും സഹായവുമാണ് പശു വളർത്തലിനൊപ്പം സമ്മിശ്രകൃഷി നടത്തുന്നതിനും ഡെറിസിന് സഹായകരമാകുന്നത്. ആലക്കോട് പഞ്ചായത്തിന്റെ ക്ഷീരകർഷകയ്ക്കുള്ള നിരവധി അവാർഡുകൾ, ആലക്കോട് ടിഎസ്എസ്എസ്, ശ്രേയസ് ഗ്രൂപ്പുകൾ നല്കുന്ന അവാർഡുകൾ തുടങ്ങി വിവിധ സംഘടനകളുടെ അംഗീകാരങ്ങളും ഡെറിസിനെ തേടി എത്തിയിട്ടുണ്ട്. എല്ലാദിവസവും പ്രാർഥിച്ച് ഒരുങ്ങി പുലർച്ചെ 4. 30ന് തൊഴുത്തിൽ പ്രവേശിക്കുന്ന അവർ രാത്രി ഏഴിനാണ് ജോലികൾ തീർത്ത് വീട്ടിൽ പ്രവേശിക്കുന്നത്.
കാട്ടുപന്നി അടക്കമുള്ള ക്ഷുദ്രജീവികൾ കൃഷിയെ നശിപ്പിക്കുന്നുണ്ടെങ്കിലും അതൊക്കെ തരണം ചെയ്താണ് അവർ മുന്നോട്ടുപോകുന്നത്. അടുത്തകാലം വരെ മക്കൾ ജോലിയിൽ അമ്മയെ സഹായിച്ചിരുന്നു. ഇപ്പോൾ മൂത്തമകൻ ഡിജോ കാനഡയിലാണ്. രണ്ടാമത്തെ മകൻ ഡിറ്റോ പട്ടാമ്പി കോളജിൽ ഡിഗ്രിക്ക് പഠിക്കുകയാണ്.