വെള്ളാട് വില്ലേജ് ഓഫീസ് കെട്ടിട നിർമാണം ഉടൻ ആരംഭിക്കണം: എൻഎച്ച്ആർഇഎം
1585049
Wednesday, August 20, 2025 1:52 AM IST
കരുവഞ്ചാൽ: അനന്തമായി നീളുന്ന വെള്ളാട് വില്ലേജ് ഓഫീസിന്റെ കെട്ടിട നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്ന് നാഷണൽ ഹ്യൂമൻ റൈറ്റ്സ് എൻവയോൺമെന്റ് മിഷൻ (എൻഎച്ച്ആർഇഎം) തളിപ്പറമ്പ് താലൂക്ക് കമ്മിറ്റി യോഗം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.
ഒരുവർഷം മുമ്പ് 50 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി 48 ലക്ഷം രൂപയ്ക്ക് ടെൻഡർ നടപടികൾ പൂർത്തീകരിച്ച നിർമാണ പ്രവർത്തനങ്ങളാണ് എട്ടുലക്ഷം കൂടി എസ്റ്റിമേറ്റ് വർധിപ്പിച്ച് റീ ടെൻഡർ നടത്തണമെന്ന കരാറുകാരന്റെ ആവശ്യത്തിനു മുന്നിൽ മുട്ടിലിഴയുന്നത്.
1989ൽ സ്ഥാപിതമായ കേരള സംസ്ഥാന നിർമിതി കേന്ദ്രയാണ് നിർമാണ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നത്. ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദപരവുമായ നിർമാണ സാങ്കേതികവിദ്യകൾ പരിശീലിപ്പിക്കാനും നിർമാണ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കാനും സ്ഥാപിതമായ നിർമിതി കേന്ദ്രം കരാറുകാർക്ക് ലാഭം ഉണ്ടാക്കിക്കൊടുക്കുന്ന ഏജൻസിയായി തരംതാഴുന്ന കാഴ്ചയാണു കാണാൻ സാധിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.
സമീപപ്രദേശങ്ങളിൽ ഒരുവർഷം മുമ്പ് നിർമിതി കേന്ദ്രം പണി പൂർത്തീകരിച്ച വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ ചോർന്നൊലിക്കുകയാണെന്നും ചെലവുകുറഞ്ഞ നിർമാണ സാമഗ്രികൾ പ്രദേശത്ത് ലഭ്യമായിട്ടും ഇവ ഉപയോഗിക്കുന്നില്ലെന്നും ഇവർ ആരോപിക്കുന്നു.
നിർമാണ പ്രവർത്തനങ്ങൾ നീണ്ടുപോകുന്നപക്ഷം പ്രത്യക്ഷ സമരപരിപാടികൾക്കു നേതൃത്വം നൽകാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ ജെയ്സൻ ഡൊമിനിക്ക് അധ്യക്ഷത വഹിച്ചു. മോഹൻദാസ് കെ. മേനോൻ, ബിജു ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.