എരുത്ത്കടവിലെ അപകടസ്ഥലം എംഎൽഎ സന്ദശിച്ചു
1585047
Wednesday, August 20, 2025 1:52 AM IST
ചെന്പേരി: ഏരുവേശി പഞ്ചായത്തിലെ മുയിപ്ര എരുത്തുകടവിലെ പുഴയിലുള്ള ചപ്പാത്ത് പാലത്തിൽ തുടർച്ചയായി വാഹനാപകടങ്ങളുണ്ടായ സ്ഥലം സജീവ് ജോസഫ് എംഎൽഎ സന്ദർശിച്ചു. ഇവിടെ സംഭവിച്ച അപകടത്തിൽ മരണപ്പെട്ട മുണ്ടയ്ക്കൽ ആന്റണിയുടെ വീട്ടിലെത്തിയ ശേഷമാണ് എംഎൽഎ അപകടസ്ഥലം സന്ദർശിച്ചത്. തുടർന്ന് പരിസരവാസികളുടെ യോഗത്തിലും പങ്കെടുത്തു.
പത്തു വർഷങ്ങൾക്ക് മുമ്പ് അന്നത്തെ എംഎൽഎ കെ.സി. ജോസഫിന്റെ നേതൃത്വത്തിൽ മൈനർ ഇറിഗഷൻ വകുപ്പ് മുഖേന ഇവിടെ റഗുലേറ്റർ കം ബ്രിഡ്ജ് സ്ഥാപിക്കുന്നതിനായി ആറുലക്ഷം രൂപ ചെലവഴിച്ച് പ്രാഥമിക പഠനം നടത്തിയിരുന്നു. തുടർന്ന് പതിനഞ്ച് കോടി രൂപയുടെ നിർമാണ പ്രവൃത്തിക്ക് വേണ്ടി എസ്റ്റിമേറ്റ് തയാറാക്കാനുള്ള പ്രവർത്തനവും ആരംഭിച്ചിരുന്നു.
പാലത്തിലേക്ക് എത്തിച്ചേരാനാവശ്യമായ അപ്രോച്ച് റോഡിനുള്ള സ്ഥലം സൗജന്യമായി വിട്ടുകിട്ടാതിരുന്നതും അക്കാലത്ത് സംസ്ഥാനത്തുണ്ടായ ഭരണമാറ്റവുമാണ് തുടർപ്രവർത്തനങ്ങൾ അനിശ്ചിതമാക്കിയത്.
ഇത് സംബന്ധിച്ച് നാട്ടുകാരുടെ അഭിപ്രായങ്ങൾ കേട്ട എംഎൽഎ സ്ഥലം ഉടമകളുമായി നേരിട്ട് സംസാരിക്കാനും മൈനർ ഇറിഗേഷൻ, പൊതുമരാമത്ത് വകുപ്പുകളുമായി ബന്ധപ്പെട്ടു തുടർപ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനും ആവശ്യമായ നീക്കം നടത്തുമെന്ന് ഉറപ്പുനൽകി. ഇതിനായി മുഴുവൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ഉൾപ്പെടുത്തിയുള്ള പ്രധിനിധി സംഘത്തോടൊപ്പം വകുപ്പ് മന്ത്രിമാരെ നേരിൽ കാണാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി, വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ, മുൻ പ്രസിഡന്റുമാരായ എം. നാരായണൻ, ടെസി ഇമ്മാനുവൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജോസ് പരത്തനാൽ, ജോയ് കുഴിവേലിപ്പുറത്ത്, പി. സദാനന്ദൻ, കെ.വി. കൃഷ്ണൻ, എം.സി. രഞ്ജിത്ത്,എം. സനോജ്, കൃഷ്ണൻ കുമിഴി, കെ. ദിനേശൻ എന്നിവർ പങ്കെടുത്തു.