ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം; പ്രത്യേകസംഘം കണ്ണൂരിൽ
1584771
Tuesday, August 19, 2025 2:00 AM IST
കണ്ണൂർ: ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക സംഘം ഇന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ എത്തി തെളിവെടുപ്പ് നടത്തും. ഇന്നും നാളെയുമാണ് തെളിവെടുപ്പ്.
ജയിലിലെ മുഴുവൻ ജീവനക്കാരോടും തെളിവെടുപ്പിന് ഹാജരാകാൻ പ്രത്യേകസംഘം നിർദേശിച്ചിട്ടുണ്ട്. ജസ്റ്റീസ് സി. എന്‍. രാമചന്ദനും റിട്ട. ഡിജിപി ജേക്കബ് പുന്നൂസും അടങ്ങുന്നതാണ് കമ്മിറ്റി. മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തിലാണ് ജയിൽ ചാട്ടം അന്വേഷിക്കാൻ പ്രത്യേകം കമ്മിറ്റിയെ നിയോഗിച്ചത്.
കണ്ണൂരിലെ അതിസുരക്ഷാ ജയിലില്‍നിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത് വൻ വിവാദമായിരുന്നു. സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തുന്നതിനും ജയില്‍ ജീവനക്കാരുടെ ഉത്തരവാദിത്തം നിര്‍ണയിക്കുന്നതിനുമാണ് പ്രത്യേക സംഘത്തെ നിശ്ചയിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്താം ബി ബ്ലോക്കില്‍ നിന്നാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. അര്‍ധരാത്രി ജയില്‍ കമ്പികള്‍ മുറിച്ച് മതില് ചാടിയായിരുന്നു രക്ഷപ്പെടല്‍.
അഞ്ചുമണിക്കൂര്‍ വൈകിയാണ് ജയില്‍ അധികൃതര്‍ വിവരമറിഞ്ഞത്. ഇലക്ട്രിക് ഫെന്‍സിംഗ് പ്രവര്‍ത്തിച്ചില്ല, നിരീക്ഷണ സംവിധാനങ്ങളില്‍ പാളിച്ചകള്‍ തുടങ്ങിയ ഗുരുതരമായ വീഴ്ചകള്‍ വകുപ്പ്തല അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ജയില്‍ചാട്ടത്തില്‍ ജയില്‍ ജീവനക്കാരോ തടവുകാരോ കൃത്യത്തില്‍ സഹായിച്ചിട്ടില്ല. ഗോവിന്ദച്ചാമിക്ക് സഹതടവുകാരുമായി കാര്യമായ ബന്ധം ഉണ്ടായിരുന്നില്ല എന്നും വകുപ്പ് തല അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ജയില്‍ ഡിഐജി വി. ജയകുമാര്‍ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിനു ശേഷമാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.