ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താൻ "റൺ പാലക്കയം തട്ട് ' മിനി മാരത്തൺ സഹായകമാകും: ജില്ലാ കളക്ടർ
1584423
Sunday, August 17, 2025 7:59 AM IST
പുലിക്കുരുമ്പ: കുടിയേറ്റ മേഖലയിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താൻ "റൺ പാലക്കയം തട്ട്' മിനി മാരത്തൺ സഹായകമാകുമെന്ന് ജില്ലാ കളക്ടർ അരുൺ കെ. വിജയൻ. റൺ പാലക്കയം തട്ട് മിനി മാരത്തണിന്റെ സംഘാടക സമിതി ആലോചനാ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂർ ഡിടിപിസിയും ഇരിക്കൂർ ടൂറിസം ഇന്നവേഷൻ കൗൺസിലും ചേർന്ന് ജനകീയ പങ്കാളിത്തത്തോടെയാണ് മാരത്തൺ സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 13ന് രാവിലെയാണ് പയ്യാവൂരിൽ നിന്ന് പാലക്കയം തട്ടിന്റെ താഴ്വാരമായ പുലിക്കുരുമ്പയിലേക്കു മത്സരം നടത്തുക.
വിജയികൾക്ക് 1.5 ലക്ഷം രൂപയുടെ കാഷ് അവാർഡുകൾ സമ്മാനമായി നൽകുമെന്ന് സജീവ് ജോസഫ് എംഎൽഎ അറിയിച്ചു. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള പങ്കാളിത്തവും ഉറപ്പുവരുത്തുന്ന മാരത്തണിനായി കൃത്യമായ സന്നാഹങ്ങൾ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാരത്തണുമായി ബന്ധപ്പെട്ട ആലോചനാ യോഗങ്ങൾ പയ്യാവൂർ, നടുവിൽ തുടങ്ങി വിവിധ പഞ്ചായത്തുകളിൽ സംഘടിപ്പിക്കും.
യോഗത്തിൽ സജീവ് ജോസഫ് എംഎൽഎ മുഖ്യാതിഥിയായി. നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളിൽ അധ്യക്ഷത വഹിച്ചു. പുലിക്കുരുമ്പ ഇടവക വികാരി ഫാ. തോമസ് പയ്യമ്പള്ളി, ഇരിക്കൂർ ടൂറിസം കൗൺസിൽ ചെയർമാൻ പി.ടി. മാത്യു, ഡോ. കെ.വി. ഫിലോമിന, മിനി ഷൈബി, ടി.സി. പ്രിയ, ജോഷി കണ്ടത്തിൽ, വാഹിദ ജയിംസ് തുരുത്തിൽ, സോജൻ കാരാമയിൽ, ഡിടിപിസി സെക്രട്ടറി പി.കെ. സുരജ്, ജോസ് വട്ടമല, മധുതൊട്ടിയിൽ, വി.എ. റഹിം, ബാബു മാത്യു, ഷാജി പാണക്കുഴി, ജോസ് പരത്തിനാൽ, ഇ.കെ. കുര്യൻ, ബാബു പള്ളിപ്പുറം എന്നിവർ പങ്കെടുത്തു.