വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ടു
1584764
Tuesday, August 19, 2025 1:59 AM IST
കാസര്‍ഗോഡ്: കുണ്ടംകുഴി ജിഎച്ച്എസ്എസിലെ പത്താംക്ലാസ് വിദ്യാര്‍ഥിയുടെ കര്‍ണപുടം അടിച്ചുതകര്‍ത്ത സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. കാസര്‍ഗോഡ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്കാണ് അന്വേഷണച്ചുമതല. വിദ്യാര്‍ഥികള്‍ തെറ്റുചെയ്താല്‍ നിയമം നോക്കി മാത്രമേ ശിക്ഷാനടപടികള്‍ സ്വീകരിക്കാവൂയെന്നും ഒരു കാരണവശാലും കുട്ടികളെ ഉപദ്രവിക്കാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു. ഈമാസം 11നാണ് സംഭവം.
സ്കൂള്‍ അംബ്ലിക്കിടെ വിദ്യാര്‍ഥി കാലുകൊണ്ടു ചരല്നീക്കിയതില് പ്രകോപിതനായ മുഖ്യാധ്യാപകന്‍ എം.അശോകന് കുട്ടിയെ മുന്നിലേക്ക് വിളിച്ച് വിദ്യാര്‍ഥികളുടെയെല്ലാം മുന്നില്‍ വച്ച് കോളറില്‍ പിടിച്ചുവെന്നും വലതുചെവി ചേര്‍ത്ത് മുഖത്തടിക്കുകയുമായിരുന്നുവെന്നും പറയുന്നു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ് വലതുചെവിയുടെ കര്‍ണപുടം പൊട്ടിയതായി അറിയുന്നത്. കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കാനും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. സംഭവത്തില്‍ ബാവകാശകമ്മീഷന് സ്വമേധയാ കേസെടുത്തിരുന്നു.
മുഖ്യാധ്യാപകന്‍ വീഴ്ച സംഭവിച്ചു:
പിടിഎ പ്രസിഡന്റ്
കുണ്ടംകുഴി: വിദ്യാര്‍ഥിയുടെ കര്‍ണപുടം അടിച്ചുപൊട്ടിച്ച സംഭവത്തില്‍ മുഖ്യാധ്യാപകന്‍ വീഴ്ച സംഭവിച്ചതായി കുണ്ടംകുഴി ജിഎച്ച്എസ്എസ് പിടിഎ പ്രസിഡന്റ് എം. മാധവന്. സംഭവസമയത്ത് അധ്യാപകന്റെ ഒരു കൈയില്‍ മൈക്ക് ഉണ്ടായിരുന്നു. സംസാരിക്കുന്നതിനിടെ കൈ വീശിയപ്പോഴാണ് ചെവിക്ക് അടിയേറ്റത്. അധ്യാപകന് മനഃപൂര്‍വം തെറ്റ് ചെയ്തതായി കരുതുന്നില്ല. എന്നാല്‍ അദ്ദേഹത്തിന് വീഴ്ച സംഭവിച്ചു. കുട്ടിക്ക് ചികിത്സാസഹായം വാഗ്ദാനം ചെയ്തിരുന്നതായും എന്നാല്‍ ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന പ്രചരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.