കുറ്റ്യാട്ടൂരിൽ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം
1585500
Thursday, August 21, 2025 7:53 AM IST
മയ്യിൽ: വെള്ളം ചോദിച്ച് വീട്ടിലെത്തിയ യുവാവ് യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു. കുറ്റ്യാട്ടൂർ ഉരുവച്ചാലിലെ പ്രവാസിയായ അജേഷിന്റെ ഭാര്യ പ്രവീണയെയാണ് (35) ഇരിക്കൂർ കുട്ടാവ് സ്വദേശി ജിജേഷ് (40) തീകൊളുത്തി കൊല്ലാൻ ശ്രമിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം.
വെള്ളം ചോദിച്ച് എത്തിയ യുവാവ് വീടിനു പിന്നിലായിരുന്ന പ്രവീണയുടെ മേൽ പെട്രോൾ ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. ഇതിനിടെ ജിജേഷിനും പൊള്ളലേറ്റു. യുവതിയെ തീകൊളുത്തിയ ശേഷം യുവാവ് സ്വയം ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാർ ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുട്ടാവ് സ്വദേശിനിയായ പ്രവീണയും ജിജേഷും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നതായി പറയപ്പെടുന്നു.
എന്നാൽ അക്രമത്തിനു കാരണം എന്താണെന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ പെട്രോൾ പന്പ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. കണ്ണൂർ എസിപി പ്രദീപൻ കണ്ണിപൊയിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം.