24 മണിക്കൂറും അലാറം മുഴക്കി എടിഎം
1585054
Wednesday, August 20, 2025 1:52 AM IST
ഇരിട്ടി: എടൂർ ടൗണിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് എടിഎമ്മിലെ സുരക്ഷാ അലാറം രാപകൽ വ്യത്യാസമില്ലാതെ 24 മണിക്കൂറും ശബ്ദിക്കുന്നത് ഇടപാടുകാരെയും സമീപത്തെ വ്യാപാരികളെയും ആശങ്കയിലാക്കുന്നു.
മാസങ്ങളായി സുരക്ഷാ അലാറം അലോസരം സൃഷ്ടിക്കുന്നത് ബാങ്ക് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയും എടുക്കുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. പണം എടുത്തുകൊണ്ടിരിക്കുമ്പോൾ സുരക്ഷാ അലാറം അടിക്കുന്നത് ഇടപാടുകാരെ ഭയപ്പെടുത്തുന്നു. സമീപത്തെ വീടുകൾക്കും ഇതേ പ്രശ്നം തന്നെയാണ്. രാത്രിയിൽ വലിയ ശബ്ദത്തിൽ അലാറം അടിക്കുന്നത് യഥാർഥ കള്ളൻ എത്തിയിട്ടാണോ എന്നു തിരിച്ചറിയാൻ കഴിയാതെ പോകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
അലാറം ശബ്ദം കേട്ട് ആംബുലൻസ് വരുന്നതെന്ന് കരുതി വാഹനം ഒതുക്കി നിർത്തി വഴി ഒരുക്കിയ സംഭവവും ഉണ്ടായിട്ടുണ്ട്. അധികൃതരുടെ അനാസ്ഥ വലിയ മോഷണത്തിന് ഉൾപ്പെടെ കാരണമാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. അലാറം അടിച്ചാലും ആരും ശ്രദ്ധിക്കാതായതോടെ മോഷ്ടാക്കൾ ഉൾപ്പെടെ എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. പ്രദശവാസികൾക്കും വ്യാപാരികൾക്കും ഇടപാടുകാർക്കും ഒരേപോലെ അലോസരം സൃഷ്ടിക്കുന്ന എടിഎമ്മിന്റെ അലാറം ബാങ്ക് അധികൃതർ ഉടൻ ശരിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.