വിമൽജ്യോതിയിൽ സ്പെക്ട്രം ലാബ് ഉദ്ഘാടനം ചെയ്തു
1584434
Sunday, August 17, 2025 7:59 AM IST
ചെമ്പേരി: വിമൽജ്യോതി എൻജിനിയറിംഗ് കോളജിലെ അപ്ലൈഡ് സയൻസ് ആൻഡ് ഹ്യൂമാനിറ്റീസ് വകുപ്പിനു കീഴിലുള്ള കെമിസ്ട്രി ലാബിൽ, ഏറ്റവും പുതിയ ഷിമാഡ്സു യുവി–വിസിബിൾ സ്പെക്ട്രോ ഫോട്ടോമീറ്റർ സ്ഥാപിച്ച് സ്പെക്ട്രം ലാബ് ഉദ്ഘാടനം ചെയ്തു.
തലശേരി ആർച്ച്ബിഷപ്പും കോളജ് രക്ഷാധികാരിയുമായ മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം നിർവഹിച്ചു. ബർസാർ ഫാ. ലാസർ വരമ്പകത്ത്, വകുപ്പ് മേധാവി പ്രഫ. കെ.വി. ജോർജ്, കെമിസ്ട്രി കോഴ്സ് ലീഡർ ഷിജിത്ത് തോമസ് എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ ജ്യോതി സി. മേരി, റിയ റോസ് മാത്യു, ജോമി ജോസ്, ഡൊമിനിക്ക് എൻ. തോമസ്, പി.വി. ലീന, കെ.എസ്. ജെസ്റ്റി, എം.കെ. സുധീപ് എന്നിവർ നേതൃത്വം നൽകി. പുതിയ ഉപകരണം പരിസ്ഥിതി ശാസ്ത്രം, കാർഷിക ഗവേഷണം, മരുന്നു, സസ്യ വിശകലനം, ഭക്ഷ്യസുരക്ഷ, മെറ്റീരിയൽ സയൻസ്, ബയോടെക്നോളജി തുടങ്ങി നിരവധി മേഖലകളിൽ ലോകോത്തര നിലവാരത്തിലുള്ള പഠന-ഗവേഷണ സൗകര്യങ്ങൾ ഒരുക്കും.
നൈട്രേറ്റ്, ഫോസ്ഫേറ്റ്, ഹെവി മെറ്റൽ മലിനീകരണം കണ്ടെത്തി വളപ്രയോഗം ശാസ്ത്രീയമായി ക്രമീകരിക്കുന്നതിനും ഇലകളിലെ രാസമാറ്റങ്ങൾ പഠിച്ചു രോഗബാധ ആരംഭഘട്ടത്തിൽ തന്നെ തിരിച്ചറിയാനും ഈ ഉപകരണം ഉപയോഗിക്കാം. അതുപോലെ തന്നെ കാപ്പി, ചായ, തേൻ, പഴങ്ങൾ എന്നിവയിലെ പോളിഫിനോൾ, ആന്റിഓക്സിഡന്റ് എന്നിവയുടെ അളവ് നിർണയിക്കാനും ഈ മെഷീൻ ഉപയോഗിക്കാം. പരിസ്ഥിതി നിരീക്ഷണം, മലിനീകരണ നിരീക്ഷണം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികൾ നടപ്പിലാക്കുന്നതിൽ ഈ ഉപകരണത്തിന് വലിയ പങ്കുവഹിക്കാൻ സാധിക്കും.