ഇരിട്ടി പുഴയോട് ചേർന്ന ഭാഗത്ത് സംസ്ഥാനപാതയിൽ മണ്ണിടിച്ചിൽ
1585041
Wednesday, August 20, 2025 1:52 AM IST
ഇരിട്ടി: ഇരിട്ടി പുഴയോട് ചേർന്ന് സംസ്ഥാന പാത കടന്നുപോകുന്ന ഭാഗത്തെ മണ്ണിടിച്ചിൽ ഭീതി പരത്തുന്നു. താന്തോട് ഭാഗത്താണ് കരയിടിച്ചിൽ രൂക്ഷമായത്. ഇതോടെ സംസ്ഥാനപാത തകരുന്ന അവസ്ഥയാണ്. റോഡിനോട് ചേർന്നുള്ള ഭാഗമാണ് പുഴയിലേക്ക് ഇടിഞ്ഞത്. ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാനപാതയുടെയും ഇരിട്ടി-ഉളിക്കൽ പാതയുടെയും ഭാഗമായ പ്രദേശമാണിത്.
കഴിഞ്ഞദിവസം റോഡരികിലെ ചെളി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കുകയും റോഡരികിലെ കാട് വെട്ടിമാറ്റുകയും ചെയ്തപ്പോഴാണ് അപകടകരമായ രീതിയിലുള്ള മണ്ണിടിച്ചിൽ ശ്രദ്ധയിൽപ്പെട്ടത്. പുഴയോട് ചേർന്ന റോഡിന്റെ കുറച്ച് ഭാഗത്ത് സംരക്ഷണ സംവിധാനം ഒരുക്കിയതിനു ചേർന്നാണ് കരയിടിച്ചിൽ ഉണ്ടായിരിക്കുന്നത്. വാഹനങ്ങളും കാൽനടയാത്രക്കാരും അപകടത്തിൽപ്പെടാതിരിക്കാൻ സംരക്ഷണ വേലി സ്ഥാപിച്ചിരിക്കുകയാണ്.
ഭാരം കയറ്റിയ വലിയ വാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡുകൂടിയാണിത്. ഓരോ കാലവർഷത്തിലും പുഴയോരം ചെറിയ തോതിൽ ഇടിയാറുണ്ടെങ്കിലും മഴ ശക്തമായതോടെ മണ്ണിടിച്ചിൽ വർധിച്ചിരിക്കുകയാണ്. ബാവലി, ബാരാപോൾ പുഴകൾ ഇരിട്ടി പോലീസ്റ്റേഷന് സമീപം പുഴയിൽ വച്ചാണ് സംഗമിക്കുന്നത്. ഇരുപുഴകളിലും കുത്തൊഴുക്ക് ശക്തമാകുമ്പോൾ തന്തോട് ഭാഗത്തും പുഴയിൽ വെള്ളത്തിന്റെ ഒഴുക്ക് ശക്തമാകും. ഇതാണ് കരയിടിച്ചലിന് ഇടയാക്കുന്നത്.
ഇരിട്ടിയിൽ ഉണ്ടായ പ്രളയത്തിൽ പുഴനിറഞ്ഞ് തന്തോട് ഭാഗങ്ങളിൽ റോഡിലേക്ക് വെള്ളം കയറിയിരുന്നു. ഇവിടെ പുഴയിൽ ജലനിരപ്പ് ഉയരുന്നതും കരയിടിച്ചിലും തടയാൻ സ്ഥിരമായ സംവിധാനം ഒരുക്കാതെ താത്കാലിക നടപടികൾ മാത്രം സ്വീകരിക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ നടപടിയിൽ പ്രതിഷേധം ശക്തമാണ്.
റോഡരികിൽ പുഴയോരം ഇടിഞ്ഞ ഭാഗത്ത് ചുവന്ന തുണികൊണ്ട് മുന്നറിയിപ്പ് സ്ഥാപിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. രാത്രിയിൽ ഇതുവഴി യാത്ര ചെയ്യുന്ന കാൽനടയാത്രക്കാർ ഉൾപ്പെടെ അപകടത്തിൽപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് പ്രദേശവാസികൾ പറയുന്നു. ഇരുചക്ര യാത്രക്കാരും കാൽ നടയാത്രക്കാരുമാണ് വലിയ അപകട ഭീഷണി നേരിടുന്നത്.