ഫാസിസത്തെ ചെറുക്കേണ്ടത് കാലത്തിന്റെ ആവശ്യം: ഡോ. എ.കെ. രാമകൃഷ്ണന്
1584755
Tuesday, August 19, 2025 1:59 AM IST
പയ്യന്നൂര്‍: ഫാസിസത്തെ ജനാധിപത്യത്തിലൂടെ ചെറുക്കണമെന്ന കാര്യം പലസ്തീനെക്കുറിച്ച് മിണ്ടുന്നതു പോലും കുറ്റകരമായിത്തീരുന്ന തലതിരിഞ്ഞ കാലത്ത് പ്രധാനമാണെന്ന് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല മുന്‍ പ്രഫസറും പ്രഭാഷകനുമായ ഡോ. എ.കെ. രാമകൃഷ്ണന്. പയ്യന്നൂര്‍ ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി സംഘടിപ്പിച്ച യുദ്ധവിരുദ്ധ ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പശ്ചിമേഷ്യയെക്കുറിച്ച് ഏകമുഖമായ വീക്ഷണം പ്രചരിപ്പിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഇതിലൂടെ ഇവിടത്തെ മത ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താനുള്ള ന്യായം നിര്‍മിക്കലാണ് ലക്ഷ്യമാക്കുന്നത്.
ഇത്തരം ഏകാധികാരപരവും വസ്തുതാ വിരുദ്ധവുമായ ആഖ്യാനങ്ങളെ ചെറുത്തു മാത്രമേ ജനാധിപത്യത്തെ പുതുക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. കൈരളി മിനി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കെ. രാമചന്ദ്രന് അധ്യക്ഷത വഹിച്ചു.