ഗ്രീഷ്മയുടേത് നീറ്റ് വിജയം; രണ്ട് മാർക്കിൽ വഴുതിയത് ഒന്നാം റാങ്ക്
1585499
Thursday, August 21, 2025 7:53 AM IST
കണ്ണൂർ: ഓൾ ഇന്ത്യ മെഡിക്കൽ പിജി എൻട്രൻസ് പരീക്ഷയിൽ കണ്ണൂർ സ്വദേശിനിക്ക് രണ്ടാം റാങ്ക്. താഴെചൊവ്വ കിഴുത്തള്ളി ശ്രീവിലാസത്തിലെ ഗൗതമൻ-ഷൈമ ദന്പതികളുടെ മകൾ ഡോ. ഗ്രീഷ്മയ്ക്കാണ് അഭിമാനനേട്ടം. രണ്ട് മാർക്കിനാണ് ഗ്രീഷ്മയ്ക്ക് ഒന്നാം റാങ്ക് നഷ്ടമായത്. ഗ്രീഷ്മയ്ക്ക് 705 മാർക്കും ഒന്നാം റാങ്ക് നേടിയ നോർത്ത് ഇന്ത്യയിലെ വിദ്യാർഥിക്ക് 707 മാർക്കുമായിരുന്നു. ഓഗസ്റ്റ് മൂന്നിനായിരുന്നു നീറ്റ് പിജി പരീക്ഷ.
രണ്ടര ലക്ഷത്തോളം പരീക്ഷാർഥികളാണ് പിജി എൻട്രൻസ് എഴുതിയത്. അതിൽനിന്ന് രണ്ടാം റാങ്ക് സ്വന്തമാക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ഗ്രീഷ്മ പറഞ്ഞു. പിജി പഠനത്തിന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചേരാനുള്ള തയാറെടുപ്പിലാണ് ഗ്രീഷ്മ. യുജി എൻട്രൻസ് പരീക്ഷയിൽ ഓൾ ഇന്ത്യ തലത്തിൽ മൂവായിരത്തിനടുത്തായിരുന്നു റാങ്ക്.
കേരളത്തിൽ 530-ാം റാങ്ക് നേടിയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസിനു ചേർന്നത്. സെക്കൻഡ് ക്ലാസോടെ എംബിബിഎസ് പൂർത്തിയാക്കിയശേഷം ഒരു വർഷമായി പിജി എൻട്രൻസ് പരിശീലനത്തിലായിരുന്നു.
തോട്ടട സെന്റ് ഫ്രാൻസിസ് കോൺവന്റ് സ്കൂളിലായിരുന്നു എട്ടാം ക്ലാസുവരെ പഠിച്ചത്. തുടർന്ന് പ്ലസ്ടു വരെ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു പഠനം.
വേണ്ടത് നിരന്തര പരിശീലനം
15 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ മുഴുവൻ പരീക്ഷാർഥികളും വിജയിക്കാറുണ്ട്. പക്ഷേ റാങ്കിലേക്കുള്ള മത്സരമാണ് കടുപ്പം. നിരന്തരമായ പരിശീലനം ഉണ്ടെങ്കിൽ ഉയർന്ന റാങ്ക് നേടിയെടുക്കാൻ കഴിയുമെന്ന് ഗ്രീഷ്മ പറയുന്നു. എട്ടു മുതൽ ഒൻപതു വരെ മാസം ചിട്ടയായ പഠനം, പരീക്ഷയോട് അടുത്തുള്ള ദിവസങ്ങളിലെ 12 മണിക്കൂർ വരെ നീളുന്ന പഠനം, നോട്ട് റീഡിംഗ് റിവിഷൻ, ചോദ്യോത്തരങ്ങൾ പരിശീലിക്കൽ എന്നിവയിലൂടെയും മികച്ച റാങ്കിലേക്ക് എത്താമെന്നും ഗ്രീഷ്മ പറയുന്നു. പരിശീലനത്തിന് കോഴിക്കോടുള്ള സ്ഥാപനത്തിൽ ചേർന്നെങ്കിലും വളരെ കുറച്ചു ദിവസം മാത്രമാണ് ക്ലാസിൽ പോയിരുന്നത്. വീട്ടിലിരുന്നുള്ള ഓൺലൈൻ പരിശീലനത്തിലൂടെയാണ് നേട്ടം കൈവരിക്കാനായതെന്നും ഗ്രീഷ്മ ദീപികയോട് പറഞ്ഞു.