സർക്കാർ ആശുപത്രികൾ നാഥനില്ലാത്ത കളരിയായിരുന്ന കാലം മാറി: എം.വി. ജയരാജൻ
1585480
Thursday, August 21, 2025 7:41 AM IST
കൂത്തുപറമ്പ്: ഒരുകാലത്ത് സർക്കാർ ആശുപത്രികൾ നാഥനില്ലാ കളരികളായിരുന്നുവെങ്കിൽ ഇന്ന് മികച്ച ചികിത്സ നൽകുന്ന നാഥനുള്ള കേന്ദ്രങ്ങളാക്കി ആശുപത്രികളെ എൽഡിഎഫ് സർക്കാർ മാറ്റിയെന്ന് മുൻ എംഎൽഎയും സിപിഎം നേതാവുമായ എം.വി. ജയരാജൻ.
സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള ഗവ. നഴ്സസ് അസോസിയേഷൻ അറുപത്തി എട്ടാമത് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം കൂത്തുപറമ്പ് മാറോളി ഘട്ട് ടൗൺ സ്ക്വയറിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എം.വി. ജയരാജൻ.
കേരളത്തിന്റെ ആരോഗ്യ മേഖലയിലെ മുന്നേറ്റത്തിന് ഡോക്ടർമാരും നഴ്സുമാരും വഹിക്കുന്ന പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി കൂത്തുപറമ്പ് പാലത്തുങ്കര കേന്ദ്രീകരിച്ച് നടന്ന പ്രകടനം മാറോളിഘട്ട് ടൗൺ സ്ക്വയറിൽ സമാപിച്ചു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.ആർ. സീന അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.ടി. ഖമറുസമാൻ, ജില്ലാ സെക്രട്ടറി സനീഷ് ടി. തോമസ്, എം. സുകുമാരൻ, വി.പി. സാജൻ, എൻ. ദീപ എന്നിവർ പ്രസംഗിച്ചു.