നിർദിഷ്ട കൂവേരി ഗവ. കോളജ് ചുവപ്പ് നാടയിൽ ഉറങ്ങുന്നു
1585046
Wednesday, August 20, 2025 1:52 AM IST
പെരുമ്പടവ്: മലയോര മേഖലയിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ അപര്യാപ്തത പരിഹരിക്കുക്ക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ഗവ. കോളജ് എങ്ങുമെത്താതെ ഫയലിൽ ഉറങ്ങുന്നു.
മലയോരത്ത് ഗവ. കോളജ് വേണമെന്ന് ആവശ്യം മനസിലാക്കി തളിപ്പറന്പ് എംഎൽഎ എം.വി. ഗോവിന്ദന്റെ ഇടപെടലിനെ കോളജ് വിദ്യാഭ്യാസ ഡയറക്ടർ ഡോ. എത്സമ്മ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം നാടുകാണിക്കു സമീപമുള്ള എറങ്കപൊയിൽ സന്ദർശിച്ചിരുന്നു.
ഇതിന്റെ ഭാഗമായി കൂവേരി വില്ലേജിൽ പെടുന്ന 12 ഏക്കർ സ്ഥലം കോളജിനായി നിർദേശിക്കുകയും ഭൗതിക സൗകര്യങ്ങൾ ഇവിടെ ഒരുക്കാമെന്ന് വിലയിരുത്തുകയും ചെയ്തിരുന്നു. താത്കാലിക കെട്ടിടങ്ങൾ വരെ ഇവിടെ ലഭ്യവുമായിരുന്നു. ഇതിന് ഒരു തുടർച്ചയുണ്ടാകാത്തതാണ് പദ്ധതി സ്തംഭിക്കാൻ കാരണം.
പിന്നീട് നാടുകാണിയിൽ ലോകോളജ് ആരംഭിക്കുന്നതിനെ കുറിച്ചും ആലോചിച്ചു. സാങ്കേതിക അനുമതികളൊക്കെ ലഭ്യമായെങ്കിലും ഹൈക്കോടതി ബാർ കൗൺസിലിന്റെ അംഗീകാരം ലഭിക്കാത്തതിനാൽ ഇതും ഇഴഞ്ഞു നീങ്ങുകയാണ്.
ആലക്കോട്, ചെറുപുഴ, കുടിയാന്മല, പെരുമ്പടവ് മേഖലകളിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസം സാധ്യമാകണമെങ്കിൽ നിലവിൽ ഏറെ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയാണ്.