ഇരിട്ടി താലൂക്ക് ആശുപത്രി : ഇഴഞ്ഞിഴഞ്ഞ് ഒരു നിർമാണം
1585036
Wednesday, August 20, 2025 1:52 AM IST
ഇരിട്ടി: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 68.72 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഇരിട്ടി താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ നിർമാണം വൈകുന്നു. നിർമാണം ആരംഭിച്ച് 16 മാസം പിന്നിടുമ്പോൾ പൂർത്തിയാക്കാൻ കഴിഞ്ഞത് 17 ശതമാനം പ്രവൃത്തികൾ മാത്രമാണ്. അത്യാധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന 9370 സ്ക്വയർ മീറ്റർ കെട്ടിടത്തിന്റെ നിർമാണ കാലാവധി 28 മാസമാണ്.
എന്നാൽ, ഇനി അവശേഷിക്കുന്ന 12 മാസത്തിനുള്ളിൽ ബാക്കി പണികൾ പൂർത്തിയാക്കുക പ്രായോഗികമല്ല. ഇതോടെ പുതിയ ബ്ലോക്കിന്റെ നിർമാണം പൂർത്തിയാകാൻ വീണ്ടും വർഷങ്ങൾ പലത് കാത്തിരിക്കേണ്ട സഹചര്യമാണ്.
ഏകദേശം 11 കോടി രൂപയുടെ പ്രവൃത്തികൾ ഇവിടെ പൂർത്തിയായി കഴിഞ്ഞു. നിർമാണ കാലാവധിക്കുള്ളിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് പ്രവർത്തനം ആരംഭിച്ചെങ്കിലും പദ്ധതിയുടെ പ്രാരംഭം മുതൽ നിരവധി തടസങ്ങൾ നേരിടുകയായിരുന്നു. പഴയ ബ്ലോക്കിനും പുതിയ ഒപി ബ്ലോക്കിനും നടുവിലായുള്ള ചെരിവിലാണ് പുതിയ ബ്ലോക്ക് നിർമിക്കുന്നത്. പൈലിംഗ് പ്രവൃത്തികൾ ആരംഭിച്ചതിന് ശേഷമാണ് എസ്റ്റിമേറ്റിൽ ഇല്ലാതിരുന്ന സംരക്ഷണ ഭിത്തി നിർമിക്കുന്നതിനുള്ള നിർദേശം അധികൃതരുടെ ഭാഗത്തുനിന്നും വരുന്നത്.
130 മീറ്റർ നീളത്തിൽ
സംരക്ഷണ ഭിത്തി
സ്ഥലത്തെ മരം മുറിച്ചുമാറ്റാൻ വന്ന കാലതാമസം നിർമാണത്തിന് തടസമായി. കരാറുകാരൻ തന്നെ മരം ടെൻഡർ എടുത്തതോടെ മരത്തിന്റെ പ്രശ്നം പരിഹരിച്ചെങ്കിലും നിർമാണം നടക്കുന്ന സ്ഥലത്തെ ഭൂമിശാസ്ത്രപരമായ പ്രശ്നങ്ങളാണ് വീണ്ടും നിർമാണത്തിന് തടസമാകുന്നത്.
പ്രോജക്ടിൽ ഇല്ലാതിരുന്ന കൂറ്റൻ സംരക്ഷണ ഭിത്തിയുടെ നിർമാണം പൂർത്തിയാക്കേണ്ടതായി വന്നു. 130 മീറ്റർ നീളവും എട്ടുമുതൽ മൂന്നുമീറ്റർവരെ ഉയരമുള്ള കൂറ്റൻ കോൺക്രീറ്റ് ഭിത്തിയാണ് ഏകദേശം നിർമാണം പൂർത്തിയായിരിക്കുന്നത്. ഭിത്തിയുടെ നിർമാണം പൈലിംഗ് ഉൾപ്പെടെയുള്ള മറ്റു പ്രവൃത്തികൾ മുടങ്ങാൻ കാരണമായി. പൂർത്തിയാക്കേണ്ട 225 പൈലിംഗിൽ 172 എണ്ണം മാത്രമാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഇതോടെ നിശ്ചയിച്ച സമയത്ത് കെട്ടിട നിർമാണം പൂർത്തിയാക്കാൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്.
നിർമാണ കാലാവധി
കൂട്ടിനൽകേണ്ടി വരും
നിലവിലെ സാഹചര്യത്തിൽ നിർമാണ കാലാവധിക്കുള്ളിൽ കെട്ടിടത്തിന്റെ 50 ശതമാനത്തിനുള്ളിൽ പ്രവൃത്തികൾ മാത്രമാണ് പൂർത്തിയാക്കാൻ കഴിയുക എന്നതാണ് യാഥാർഥ്യം. പ്രത്യേക സഹചര്യത്തിൽ കരാർ കമ്പനിക്ക് സമയം കൂട്ടിയനുവദിക്കുക മാത്രമാണ് സർക്കാരിന് മുന്നിലുള്ള ഏക പോംവഴി. കെഎസ്ഇബിക്കാണ് പദ്ധതിയുടെ മേൽനോട്ടം.
ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമാണ കരാർ. പലകാരണങ്ങൾ കൊണ്ട് നിർമാണം ഇഴഞ്ഞുനീങ്ങുന്ന പദ്ധതി ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. നിർമാണ പ്രവൃത്തികൾ നടക്കുന്നതുകൊണ്ട് വാഹനങ്ങൾ കടന്നുപോകാനും നിർത്തിയിടാനും സ്ഥലം ഇല്ലാതെ ബുദ്ധിമുട്ട് നേരിടുകയാണ്. എത്ര നാളുകൾ ഈ ദുരിതം താണ്ടണമെന്നാണ് താലൂക്ക് ആശുപത്രിയെ ആശ്രയിക്കുന്ന സാധാരണക്കാരായ ജനങ്ങൾ ചോദിക്കുന്നത്.