കൃഷിഭൂമി മണ്ണിട്ട് നികത്തി; കര്‍ഷക ദിനാചരണത്തിനിടെ സിപിഐ നേതാവിനെതിരേ പ്രതിഷേധം
1584490
Monday, August 18, 2025 12:22 AM IST
പയ്യന്നൂര്‍: കൃഷിയോഗ്യമായ ഭൂമി കെട്ടിടം നിര്‍മിക്കാനായി മണ്ണിട്ട് നികത്തിയെന്ന് ആരോപിച്ച് സിപിഐ നേതാവിനെതിരെ പ്രതിഷേധം. കുഞ്ഞിമംഗലം കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കര്‍ഷക ദിനാചരണത്തിനിടെയാണ് സിപിഐ നേതാവിനെ വേദിയിലിരുത്തി യുവാക്കൾ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിച്ചത്.
കൃഷിഭവനും പഞ്ചായത്തും ചേര്‍ന്ന് സംഘടിപ്പിച്ച കര്‍ഷക ദിനാചരണത്തിൽ സിപിഐ മുന്‍ ജില്ലാ കമ്മിറ്റിയംഗവും ഏരിയ കമ്മിറ്റിയംഗവുമായ പി. ലക്ഷ്മണനെ ആശംസാ പ്രസംഗത്തിനായി ക്ഷണിച്ചിരുന്നു. പരിപാടിക്കിടെ പ്രതിഷേധക്കാരിൽ നിന്ന് സിപിഎം പ്രവര്ത്തകന് സി.കെ. പ്രദീഷ് മൈക്കിലൂടെ പ്രതിഷേധമുയര്‍ത്തുകയായിരുന്നു. കൃഷിയോഗ്യമായ സ്ഥലം മണ്ണിട്ട് നികത്തി കെട്ടിടം നിര്മിക്കുന്നയാളിനെ വേദിയിലിരുത്തി നാട്ടുകാരെ അപമാനിക്കാന്‍ പഞ്ചായത്തും കൃഷിവകുപ്പും കൂട്ടുനില്‍ക്കരുതെന്ന് പ്രദീഷ് പറഞ്ഞു.
കൃഷിഭൂമി മണ്ണിടുന്നത് തടയാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഡിവൈഎഫ്ഐയും പുരോഗമന പ്രസ്ഥാനങ്ങളും കേസുമായി അലയുന്ന അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ വേദിയില്‍ പ്രസംഗിക്കാൻ അനുവദിക്കില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. തുടര്‍ന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകർ ഉള്‍പ്പെടെയുള്ളവര്‍ മുദ്രാവാക്യം വിളിക്കുന്നതിനിടയില്‍ ലക്ഷ്മണന് വേദി വിട്ടിറങ്ങി പോവുകയായിരുന്നു.
കര്‍ഷക ദിനാചരണം
അലങ്കോലപ്പെടുത്തിയത്
അപലപനീയം: സിപിഐ
കുഞ്ഞിമംഗലം കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കര്‍ഷക ദിനാചരണം ഒരു കൂട്ടം ആളുകളെത്തി അലങ്കോലപ്പെടുത്തുകയും സിപിഐ പ്രതിനിധി പി. ലക്ഷ്മണനെ ആശംസാ പ്രസംഗത്തിന് അനുവദിക്കാതിരിക്കുകയും ചെയ്തത് അങ്ങേയറ്റം അപലപനീയമാണെന്ന് സിപിഐ പയ്യന്നൂര്‍ മണ്ഡലം സെക്രട്ടറി വി. ബാലന് പ്രസ്താവനയില്‍ അറിയിച്ചു.
കര്‍ഷകരെ ആദരിക്കുന്ന ചടങ്ങില്‍ സിപിഎം പ്രതിനിധിയുടെ തെറ്റായ ആഹ്വാനമാണ് കൃഷി വകുപ്പിന്റെ മികച്ച ചടങ്ങ് തടസപ്പെടാന്‍ കാരണമായത്. സര്‍ക്കാര്‍ പരിപാടി അലങ്കോലപ്പെടുത്താന്‍ ഒരു വിഭാഗം ശ്രമിക്കുമ്പോള്‍ അത് തടയാന്‍ ശ്രമിക്കുന്നതിന് പകരം മൗനാനുവാദം നല്കിയ ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ അനാവശ്യമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ കൂട്ടുനില്ക്കുന്നതായാണ് കണ്ടത്.
ഇത്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവരെ നിയന്ത്രിക്കാനായി പാര്‍ട്ടി നേതൃത്വം ഇടപെടണമെന്നും വിഷയത്തില്‍ കൃഷിഭവന് അധികൃതരുടെയും പഞ്ചായത്ത് അധികൃതരുടെയും നിലപാട് കൃഷി വകുപ്പ് ഗൗരവത്തോടെ കാണണമെന്നും സിപിഐ പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.