പരാജയം മറയ്ക്കാൻ എസ്എഫ്ഐ വർഗീയ ചാപ്പ കുത്തുന്നു: എംഎസ്എഫ്
1585055
Wednesday, August 20, 2025 1:52 AM IST
കണ്ണൂർ: സർവകലാശാലകളിലും വിവിധ കോളജുകളിലും ഉണ്ടായ പരാജയം മറച്ചുവയ്ക്കാൻ എംഎസ്എഫിനെ എസ്എഫ്ഐ വർഗീയ ചാപ്പ കുത്താൻ ശ്രമിക്കുന്നതായി എംഎസ്എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റസീഖ് പത്രസമ്മേളനത്തിൽ ആരോപിച്ചു. കാന്പസുകളിൽ എംഎസ്എഫ് മതം പറഞ്ഞ് വോട്ടു പിടിക്കുന്നതായി സ്ഥാപിക്കാൻ എസ്എഫ്ഐ വോയ്സ് ക്ലിപ് പുറത്തുവിട്ടിരുന്നു.
ആ ശബ്ദത്തിന് ഉടമ കൃഷ്ണമേനോൻ കോളജിലെ മുൻ വിദ്യാർഥിയും സ്റ്റുഡന്റസ് ഇസ്ലാമിക് ഓർഗനൈസേഷന്റെ (എസ്ഐഒ) വനിതാ വിഭാഗമായ ജിഐഒയുടെ പ്രവർത്തകയുടേതാണ്. കോളജിലെത്തിയവേളയിൽ ഈ വിദ്യാർഥിനി എംഎസ്എഫ് പ്രവർത്തകയായിരുന്നു.കഴിഞ്ഞ തവണ എസ്എഫ്ഐയുടെ ഏകാധിപത്യവും ഇത്തവണ കാന്പസുകളിലെ വിഷയങ്ങളും മുൻ നിർത്തിയാണ് എംഎസ്എഫ് പ്രചാരണം നടത്തിയത്. എംഎസ്എഫിനെതിരേ തെറ്റായ പ്രചാരണം നടത്തിയതിന് എസ്എഫ്ഐ മാപ്പു പറയണമെന്ന് അവർ ആവശ്യപ്പെട്ടു. എംഎസ്എഫ് ഹരിത സംസ്ഥാന വൈസ് ചെയർ പേഴ്സൺ നഹല സഹീദ്, ടി.പി. ഫർഹാന, ഫാത്തിമ സകരിയ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.