മൊട്ടുക്കൊമ്പൻ ജനവാസ മേഖലയിൽ തുടരുന്നു
1585488
Thursday, August 21, 2025 7:41 AM IST
ഇരിട്ടി: ആർആർടിയും വനപാലകരും ആനയെ കാട്ടിലേക്ക് തുരത്താൻ പാടുപെടുമ്പോൾ ആനകൾ മേഖലയിൽ നിന്ന് പിന്മാറാൻ മടിക്കുന്നത് ഭീഷണി ആകുന്നു. ഇന്നലെ രാവിലെ ബ്ലോക്ക് ഏഴിൽ ഇറങ്ങിയ മൊട്ടുക്കൊമ്പനെ തുരത്തുന്നതിനിടയിൽ ആന തിരിഞ്ഞ് വീണ്ടും വയനാടൻ കാട്ടിലേക്ക് കയറിയതോടെ തുരത്താൻ കഴിയാതെ വനപാലകർ പിന്മാറി.
ജനവാസ മേഖലയോട് ചേർന്ന് ആന നിലയുറപ്പിച്ചതോടെ പ്രദേശവാസികൾ ജാഗ്രത പാലിക്കണം എന്ന് ആർആർടി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. വിദ്യാർഥികളും തൊഴിലാളികളും സ്കൂളിലേക്കും ജോലിക്കും പുറപ്പെടുന്ന സമയത്താണ് ആന ഇറങ്ങി ഭീതി സൃഷ്ടിക്കുന്നത്. പുനരധിവാസ മേഖലയിൽ ഉൾപ്പെടെ ആനകളെ തുരത്താൻ "ഗജമുക്തി' പുരോഗമിക്കുന്നുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥയിൽ ആനകളെ കാട്ടിൽ എത്തിക്കാൻ കഴിയാതെ വരുന്നുണ്ട്.
ഭക്ഷണം, വെള്ളം എന്നിവ ധാരാളം ലഭിക്കുന്നതുകൊണ്ട് ആനകൾ വയനാടൻ കാടിൽ നിന്നും പിന്മാറാൻ തയാറാകുന്നില്ല. മേഖലയിൽ പുറം കാടുകൾ വെട്ടിത്തെളിച്ച ഭാഗങ്ങൾ വീണ്ടും തളിർത്ത് പൊങ്ങിയതോടെ ആനകൾക്ക് ധാരാളം ഭക്ഷണം ലഭിക്കുന്നതാണ് ഇവിടം ആനകൾക്ക് പ്രിയപ്പെട്ടത് ആകുന്നത്. വയനാടൻ കാടിന്റെ ഉള്ളിലേക്ക് വനപാലകർക്ക് എത്തിപ്പെടാൻ വഴിയും മറ്റ് സൗകര്യങ്ങളും ഇല്ലാത്തതും ആനകളെ ഇവിടെ നിന്നും തുരത്തുന്നതിന് തടസമാകുന്നു.
തുരത്തുന്ന ആനകൾ ഉൾപ്പെടെ വീണ്ടും തിരിച്ചെത്തുന്നത് തടയാൻ ആനകൾ സ്ഥിരമായി ഇറങ്ങുന്ന വഴികളിൽ നിലവിലുള്ള ലൈൻ സോളാർ വേലിക്ക് പുറമെ മറ്റൊരു സോളോർ വേലി കൂടി സ്ഥാപിച്ച് കൂടുതൽ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികൾ വനംവകുപ്പ് ആരംഭിച്ചു കഴിഞ്ഞു. ഇതിനായി പൂക്കുണ്ട് ഭാഗത്ത് തൂക്കുവേലിയുടെ നിർമാണം ആരംഭിച്ചു കഴിഞ്ഞു.
ആറളം പുനരധിവാസ മേഖലയിലെ സുരക്ഷയുടെ കാര്യത്തിൽ കോടതിയുടെ പ്രത്യേക നിരീക്ഷണവും ഇടപെടലുകളും ഉണ്ടാകുന്നത് പ്രതിരോധ പ്രവർത്തനങ്ങൾ വേഗത്തിൽ ആകുന്നുണ്ട്. ആന മതിൽ നിർമാണത്തിലെ തടസങ്ങൾ നീങ്ങി പ്രവൃത്തി ആരംഭിച്ചാൽ മാത്രമേ ആനയുടെ ശല്യത്തിൽ നിന്നും പ്രദേശത്തിന് മോചനമുള്ളൂ. ആന മതിലിനായുള്ള പ്രദേശവാസികളുടെ നീണ്ട കാത്തിരിപ്പ് തുടരുകയാണ്.