ഒറ്റപ്പാലക്കുന്നിൽ ജലസംഭരണി നിർമിച്ചിട്ട് ആറുമാസം; കുടിവെള്ളമെത്തിയില്ല
1585481
Thursday, August 21, 2025 7:41 AM IST
തളിപ്പറമ്പ്: പുഷ്പഗിരി ഗാന്ധിനഗര്‍-കരിമ്പം ഒറ്റപ്പാലനഗര്‍ പ്രദേശത്ത് കുടിവെള്ളം എത്തിക്കാനായി ജലസംഭരണി നിർമാണം പൂർത്തിയായിട്ട് ആറുമാസം കഴിഞ്ഞെങ്കിലും ഇനിയും വെള്ളം എത്തിക്കാൻ നടപടിയായില്ല.
കടുത്ത ജലദൗര്‍ലഭ്യം നേരിടുന്ന പുഷ്പഗിരി ഗാന്ധിനഗര്‍-കരിമ്പം ഒറ്റപ്പാലനഗര്‍ പ്രദേശത്തുകാരുടെ ഏറെ നാളായുള്ള ആവശ്യപ്രകാരമാണ് വാട്ടര്‍ അതോറിറ്റി ഒറ്റപ്പാലക്കുന്നിന് മുകളില്‍ പുതിയ വാട്ടര്‍ ടാങ്ക് സ്ഥാപിച്ചത്. ഗാന്ധിനഗര്‍ വികസന സമിതി ചെയര്മാന് റിട്ട. എഡിഎം എ.സി. മാത്യുവിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഒരുലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്ക് സ്ഥാപിച്ചത്. ഇവിടേക്ക് വെള്ളമെത്തിക്കാന്‍ 900 മീറ്റര്‍ നീളത്തില്‍ ജിഐ പൈപ്പ് ഉള്‍പ്പെടെ സ്ഥാപിക്കുകയും ചെയ്തു. രണ്ടു കോടിയായിരുന്നു നിര്‍മാണ ചെലവ്.
ഫെബ്രുവരിയില്‍ ടാങ്ക് നിര്‍മാണം പൂര്‍ത്തിയായി. കൂനം-കാഞ്ഞിരങ്ങാട്-ആടിക്കുംപാറ മെയിന്‍ പൈപ്പ്ലൈനില്‍ നിന്ന് ടാങ്കിലേക്ക് കണക്ഷന് നല്കാന് അഞ്ച് മീറ്ററോളം നീളത്തില്‍ കണക്ഷന് പൈപ്പ് സ്ഥാപിക്കാനുണ്ട്.
മഴയ്ക്ക് മുമ്പായി ഈ പ്രവൃത്തികൂടി പൂര്‍ത്തീകരിക്കുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ ഗാന്ധിനഗര്‍ വികസന സമിതിക്ക് ഉറപ്പുനല്‍കിയിരുന്നു. എന്നാൽ, മാസം ആറായിട്ടും ഒന്നും നടന്നില്ല. അടിയന്തരമായി നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് കുടിവെള്ളം എത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.