ശാപമോക്ഷമില്ലാതെ ചപ്പാരപ്പടവ് പാലം
1584758
Tuesday, August 19, 2025 1:59 AM IST
ചപ്പാരപ്പടവ്: നാലു പതിറ്റാണ്ടുമുമ്പ് പണി പൂർത്തീകരിച്ച ചപ്പാരപ്പടവ് പാലം ദുർബലാവസ്ഥയിൽ. ചപ്പാരപ്പടവ് പാലത്തിന്റെ പുനരുദ്ധാരണം അനിശ്ചിതമായി നീളുന്നതിൽ പ്രതിഷേധവും ശക്തമാകുകയാണ്. നാലുവർഷം മുന്പ് പൊതുമരാമത്ത് വകുപ്പ് തയാറാക്കിയ ബലപ്പെടുത്തൽ ആവശ്യമുള്ള പാലങ്ങളുടെ പട്ടികയിൽ ചപ്പാരപ്പടവ് പാലത്തെ ഉൾപ്പെടുത്തിയതാണ്. പാലം ബലപ്പെടുത്തണമെന്നാവശ്യപ്പെട്ടു ചപ്പാരപ്പടവ് പഞ്ചായത്ത് ഭരണസമിതി പ്രമേയവും പാസാക്കിയിരുന്നു.
നേരത്തെ പലതവണ പരിശോധന നടത്തിയ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കും പാലത്തിന്റെ ബലക്ഷയം ബോധ്യപ്പെട്ടിരുന്നു. ഇതിനുപുറമെ 2021 ഡിസംബർ 30നു പാലത്തിന്റെ ഉറപ്പു പരിശോധിക്കാൻ അത്യാധുനിക യന്ത്രസാമഗ്രികളോടെ കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെഎച്ച്ആർഐ) സംഘവും സ്ഥലത്ത് എത്തിയിരുന്നു.
കെഎച്ച്ആർഐ അസിസ്റ്റന്റ് എൻജിനിയറുടെ നേതൃത്വത്തിലെത്തിയ സംഘം പാലം പരിശോധിച്ചു വിദഗ്ധ പരിശോധനയ്ക്കായി പാലത്തിന്റെ അടിയിൽ നിന്നു സാന്പിൾ ശേഖരിച്ചു. പിന്നീട് നാളിതു വരെ തുടർനടപടികൾ ഉണ്ടായില്ല. അതേസമയം, മലയോര മേഖലയിലെ ഒട്ടേറെ റോഡുകളെ കോർത്തിണക്കുന്ന ചപ്പാരപ്പടവ് പാലം അനുദിനം ദുർബലമായിക്കൊണ്ടിരിക്കുകയാണ്.