വയനാട് കരിന്തളം 400 കെവി പവർ ഹൈവേ; കർഷക പ്രതിഷേധ റാലി നടത്തി
1584426
Sunday, August 17, 2025 7:59 AM IST
കണിച്ചാർ: വയനാട് കരിന്തളം 400 കെവി പവർ ഹൈവേ ലൈനുമായി ബന്ധപ്പെട്ട് കണിച്ചാർ പഞ്ചായത്തിലെ ഭൂമിയും കാർഷിക വിളകളും നഷ്ടപ്പെടുന്ന കർഷകരുടെ വൻ പ്രതിഷേധ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. കണിച്ചാർ ടൗണിൽ നടന്ന പ്രതിഷേധം ഫാ. പയസ് പടിഞ്ഞാറേമുറിയിൽ ഉദ്ഘാടനം നിർവഹിച്ചു.
തോമസ് വർഗീസ് മുഖ്യസന്ദേശം നൽകി. ഫാ. ജിന്റോ പന്തലാനിയിൽ അധ്യക്ഷത വഹിച്ചു. ജോയിക്കുട്ടി കുലച്ചിത്തറ, പൈലി വാത്യാട്ട്, ബെന്നി പുതിയാംപറമ്പിൽ, ജയിംസ് നെല്ലിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.
ഭൂമി നഷ്ട്ടപ്പെടുന്നവർക്ക് ടവർ ഫുട് ഏരിയയിൽ ന്യായവിലയുടെ പത്തിരട്ടി നൽകുക. കോറിഡോറിൽ ന്യായവിലയിൽ അഞ്ചിരട്ടി നൽകുക. റബറിന് റബർ ബോർഡും, തെങ്ങിന് നാളികേര വികസന ബോർഡും കുരുമുളകിന് സ്പൈസസ് ബോർഡും മറ്റു കാർഷികവിളകൾക്ക് ബന്ധപ്പെട്ട വകുപ്പുകളും ന്യായമായ വില കർഷകർക്ക് ഉറപ്പാക്കുക.
വീട് നഷ്ട്ടപ്പെടുന്നവർക്ക് ചതുരശ്രയടിക്ക് 2500 രൂപ വീതം നൽകുക. ലൈനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പായി നഷ്ടപരിഹാരം ലഭ്യമാക്കുക. പദ്ധതിയിൽ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കുക. ഭൂമിയുടെ ന്യായവില മിനിമം 15000 രൂപ ആയി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ കർഷകർ യോഗത്തിൽ ഉന്നയിച്ചു.