രാജ്യം 79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു
1584422
Sunday, August 17, 2025 7:59 AM IST
കണ്ണൂർ: ഭരണഘടന മൂല്യങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് നല്കുന്ന അധികാരങ്ങളും അവകാശങ്ങളും സംരക്ഷിക്കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്. കണ്ണൂർ കളക്ടറേറ്റ് മൈതാനിയില്‍ ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ദേശീയപതാക ഉയര്‍ത്തി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച ശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.
രാജ്യത്തിന്റെ പരമാധികാരവും മതേതരത്വവും സംരക്ഷിച്ചേ പറ്റൂ. ജനാധിപത്യം പരിപാലിക്കപ്പെട ണം. അതിനായി വീണ്ടും ഒരു സ്വാതന്ത്ര്യ സമരം ആവശ്യമാണെങ്കില്‍ പോലും നാമെല്ലാവരും അണിനിരക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രി പറഞ്ഞു. സമാധാനത്തിന്റെ മാര്‍ഗത്തില്‍ ഭരണഘടന മൂല്യങ്ങളും ആ മൂല്യങ്ങള്‍ ജനങ്ങള്‍ക്ക് നല്കുന്ന അധികാരങ്ങളും അവകാശങ്ങളും സംരക്ഷിക്കാന്‍ രാജ്യത്തിന് ഉത്തരവാദിത്തമുണ്ട്.
സ്വാതന്ത്ര്യത്തിനുവേണ്ടി സമരപഥങ്ങളില്‍ ജീവന് ബലിയര്‍പ്പിച്ച രക്തസാക്ഷികളുടെ പാവനമായ ഓര്‍മകള്‍ക്കു മുന്പില് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും മന്ത്രി പറഞ്ഞു. മാങ്ങാട്ട്പറമ്പ് കെഎപി നാലാം ബറ്റാലിയന്, കണ്ണൂര്‍ സിറ്റി പോലീസ്, കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ്, വനിതാ പോലീസ്, എക്സൈസ്, വനംവകുപ്പ്, എന്‍സിസി, എസ്പിസി, സ്കൗട്ട്, ഗൈഡ്സ്, റെഡ് ക്രോസ് എന്നിവയുടെ ഉൾപ്പെടെ 18 പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. ഡിഎസ്സി, ആര്‍മി പബ്ലിക് സ്കൂള്‍, സെന്റ് തെരേസാസ്, എഐഎച്ച്എസ്എസ് ബര്‍ണശേരി ബാന്‍ഡുകളും പരേഡില്‍ അണിനിരന്നു. കണ്ണപുരം പോലീസ് സ്റ്റേഷന് എസ്ഐ മഹേഷ് കടമ്പത്തായിരുന്നു പരേഡ് കാമാന്‍ഡര്‍. തലശേരി സ്റ്റേഷന് എസ്ഐ ഷാഫത്ത് മുബാറക്ക് സെക്കന്‍ഡ് ഇന്‍ കാമാന്‍ഡറായി.
സേനാവിഭാഗത്തില്‍ മാങ്ങാട്ടുപറമ്പ് കെപി നാലാം ബറ്റാലിയന് മികച്ച പരേഡിനുള്ള ഒന്നാം സ്ഥാനം നേടി. എന്‍സിസി സീനിയര്‍ വിഭാഗത്തില്‍ തോട്ടട ഗവ. പോളിടെക്നിക് കോളജ് ഒന്നാം സ്ഥാനം നേടി. സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് വിഭാഗത്തില്‍ അഞ്ചരക്കണ്ടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, സ്കൗട്ട് വിഭാഗത്തില്‍ കണ്ണൂര്‍ എസ്എന്‍ ട്രസ്റ്റ് സ്കൂള്‍, ഗൈഡ്സ് വിഭാഗത്തില്‍ പയ്യാമ്പലം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി. റെഡ് ക്രോസ് വിഭാഗത്തില്‍ കൂടാളി ഹയര്‍സെക്കന്‍ഡറി സ്കൂളിനാണ് ഒന്നാം സ്ഥാനം.
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഇലക്ഷന് വിഭാഗം വിദ്യാര്‍ഥികള്‍ക്കായി സംഘടി പ്പിച്ച മത്സരങ്ങളിലെ വിജയികള്‍ മന്ത്രിയില്‍ നിന്നും സമ്മാനങ്ങള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് ജില്ലയിലെ സംഗീത അധ്യാപകര്‍ ദേശഭക്തിഗാനം ആലപിച്ചു.
"ജയ് ഹോ’ സ്വാതന്ത്ര്യ ദിനാഘോഷം
ചെമ്പന്തൊട്ടി: തലശേരി അതിരൂപത കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെയും കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കോർപറേറ്റ്തല സ്വാതന്ത്ര്യദിനാഘോഷം ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂളിൽ നടന്നു. മുഖ്യാധ്യാപിക റിൻസി ജോസഫ് പതാക ഉയർത്തി. ശ്രീകണ്ഠപുരം മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.സി. ജോസഫ് കൊന്നയ്ക്കൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സജി അടവിച്ചിറ അധ്യക്ഷത വഹിച്ചു.
വിദ്യാർഥി സി.എസ്.തോംസൺ രചിച്ച പുസ്തകം "ദി ക്രോണിക്കിൾ ഓഫ് ലൈറ്റ് ആൻഡ് ഷെയ്ഡ് ' പ്രകാശനം ചെയ്തു. കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് നോർത്ത് സോൺ വൈസ് പ്രസിഡന്റ് ജിമ്മി സൈമൺ, എഡിഎസ് യു ചീഫ് കോ-ഓർഡിനേറ്റർ ടോണിസ് ജോർജ്, മദർ പിടിഎ പ്രസിഡന്റ് ഷീജ പുഴക്കര, സ്കൂൾ സീനിയർ അസിസ്റ്റന്റ് കെ.വി. രാജേഷ്, സ്കൂൾ ലീഡർ അൽജോ വിജു, പ്രോഗ്രാം കോ-ഓർഡിനേറ്റർ ബെറ്റി മാത്യു എന്നിവർ പ്രസംഗിച്ചു. സ്കൂളിലെ വിവിധ ക്ലബുകൾ നടത്തിയ വർണശബളമായ ഡിസ്പ്ലേ, ദേശഭക്തിഗാനം, ജയ് ഹോ നൃത്തശില്പം, മറ്റ് കലാപരിപാടികൾ തുടങ്ങിയവയ്ക്ക് രജിത് എം.ജോർജ്, മിനി ജോസഫ്, സിസ്റ്റർ അഞ്ജു, സിനി ജേക്കബ്, സിസ്റ്റർ മരിയറ്റ്, സിസ്റ്റർ റോസ് എന്നിവർ നേതൃത്വം നൽകി.
പയ്യാവൂർ: കോൺഗ്രസ് ശ്രീകണ്ഠപുരം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീകണ്ഠപുരം ഇന്ദിരാഭവനിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഇ.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ശ്രീകണ്ഠപുരം വൈസ്മെൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തിന് പ്രസിഡന്റ് ജോൺസൺ ടി. സഖറിയാസ് പതാക ഉയർത്തി. മുൻ പ്രസിഡന്റ് റെജി നെല്ലൻകുഴി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
ചന്ദനക്കാംപാറയിൽ മുതിർന്ന കോൺഗ്രസ് നേതാവും പഞ്ചായത്ത് മുൻ മെംബറുമായ ജോർജ് അമ്പാട്ട് പതാക ഉയർത്തി. ചന്ദനക്കാംപാറ ടൗണിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പുതിയ ഓഫീസ് മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റും നാലാം വാർഡ് മെംബറുമായ സിന്ധു ബെന്നി ഉദ്ഘാടനം ചെയ്തു.
നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ സ്കൂൾ മാനേജർ ഫാ. മാത്യു ഓലിയ്ക്കൽ ഉദ്ഘാടനം ചെയ്തു. മുഖ്യാധ്യാപകൻ സോണി മാത്യു അധ്യക്ഷത വഹിച്ചു. ദീർഘകാലം സൈന്യത്തിൽ സേവനമനുഷഠിച്ച ഏരുവേശി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധു തൊട്ടിയിലിനെ ആദരിച്ചു.
മാതമംഗലം: പാണപ്പുഴ രാജീവ് ഗാന്ധി സ്മരാക മന്ദിരത്തില്‍ ബൂത്ത് പ്രസിഡന്റ് എം. ശ്രീധരന് ദേശീയ പതാക ഉയര്‍ത്തി. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ സ്വാതന്ത്യദിന സന്ദേശം നൽകി.
പെരുമ്പടവ്: കരിപ്പാൽ എസ്വി യുപി സ്കൂളിൽ മുഖ്യാധ്യാപിക പി.പി. ബിന്ദു ദേശീയ പതാക ഉയർത്തി. പൊതുസമ്മേളനം മാധ്യമ പ്രവർത്തകൻ പെരിങ്ങോം ഹാരിസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഇ. ബിബിൻ അധ്യക്ഷത വഹിച്ചു.
ചപ്പാരപ്പടവ്: കൂവേരി ഗവ. എൽപി സ്കൂളിൽ ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എം. ധനേഷ് അധ്യക്ഷത വഹിച്ചു. എം. ലക്ഷ്മണൻ, രവീന്ദ്രൻ തിടിൽ, സി.വി.കെ. പണിക്കർ, ശ്രുതി മണി, പ്രസാദ്, മുഖ്യാധ്യാപകൻ കെ.വി. സുരേഷ് ബാബു, എ.ആർ. ശ്രീജ എന്നിവർ പ്രസംഗിച്ചു.
തേർത്തല്ലി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തേർത്തല്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പതാക ഉയർത്തലും ലഹരിയിൽ നിന്ന് സ്വാതന്ത്ര്യം എന്ന പേരിൽ സംഗമവും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ജോഷി കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റോയി ചക്കാനിക്കുന്നേൻ അധ്യക്ഷത വഹിച്ചു.
ആലക്കോട്: സ്വതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി വൈസ്മെൻ ഇന്റർനാഷണൽ ഹെൽത്ത് കെയർ പ്രോഗ്രാം നെല്ലിപ്പാറ അംബേദ്കർ ഉന്നതിയിൽ ഡിസ്ട്രിക്റ്റ് 5 ഗവർണർ ടാജി ടോം പൂന്തോട്ടം ഉദ്ഘാടനം ചെയ്തു. ആലക്കോട് വൈസ്മെൻ ക്ലബ് പ്രസിഡന്റ് കെ.എം. സതീഷ്കുമാർ പതാക ഉയർത്തി.
കരുവഞ്ചാൽ: കരുവഞ്ചാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുവഞ്ചാൽ ടൗണിൽ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷതത്തിൽ മണ്ഡലം പ്രസിഡന്റ് ടോമി കുമ്പിടിയാമാക്കൽ ദേശീയ പതാക ഉയർത്തി.
ചാണോക്കുണ്ട്: കരുണാപുരം കത്തോലിക്ക കോൺഗ്രസ്, ക്രെഡിറ്റ് യൂണിയൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനത്തിൽ വിമുക്തഭടൻമാരെ ആദരിച്ചു. ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ പുതുപ്പള്ളിൽ ഉദ്ഘാടനം ചേയ്തു. സജി കിടാരത്തിൽ, ഷാജി മരുതോലിൽ, ജോസ് ഏത്തക്കാട്ട്, രാജു കൊട്ടാരത്തിപറമ്പിൽ, സാജു കോഴിപ്പാടത്ത്, ഷേർളി ചിറക്കലാത്ത് എന്നിവർ പ്രസംഗിച്ചു.
ചെമ്പേരി: നാഷണൽ എക്സ് സർവീസ്മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി (എൻഎക്സ് സിസി) ചെമ്പേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. യൂണിറ്റ് പ്രസിഡന്റ് തോമസ് വിഴിക്കിപ്പാറ ദേശീയ പതാക ഉയർത്തി.