കാർ നിയന്ത്രണംവിട്ട് സിപിഎം ഓഫീസിലേക്ക് പാഞ്ഞുകയറി
1584485
Monday, August 18, 2025 12:22 AM IST
തലശേരി: നിയന്ത്രണംവിട്ട കാർ സിപിഎം ബ്രാഞ്ച് ഓഫീസിലേക്ക് പാഞ്ഞുകയറി. സ്വിഗ്ഗി ഡെലിവറി ബോയി സഞ്ചരിച്ച ബൈക്കും ഇടിച്ചുതെറിപ്പിച്ചു. ശനിയാഴ്ച അർധരാത്രിയാണ് സംഭവം. തിരുവനന്തപുരത്തു നിന്നും കാസർഗോട്ടേയ്ക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട കാർ സെയ്ദാർ പള്ളിയിലെ സിപിഎം ഓഫീസായ ടി.സി ഉമ്മർ സ്മാരക മന്ദിരത്തിലേക്ക് പാഞ്ഞുകയറി.
ഓഫീസിന്റെ മുൻവശം തകർന്നു. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സ്വിഗ്ഗി ഡെലിവറി ബോയിക്കും പരിക്കേറ്റു. പരിക്കേറ്റ യുവാവിനെ തലശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ബൈക്ക് പൂർണമായും തകർന്നു. സിപിഎം ഓഫീസിന്റെ മുൻവശവും തകർന്ന നിലയിലാണ്.
ഏതാണ്ട് രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി നഗരസഭാ കൗൺസിലറും സിപിഎം നേതാവുമായ ടി.സി അബ്ദുൽ ഖിലാബ് പറഞ്ഞു. ഏറ്റവും തിരക്കേറിയ സ്ഥലം കൂടിയാണിത്. അർധരാത്രിയായതിനാലാണ് വൻ അപകടമൊഴിവായത്. തലശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കാസർഗോട്ടുള്ള ഡോക്ടറും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടതെന്നാണ് വിവരം.