ചിങ്ങപ്പുലരിയിൽ കർഷക സംഗമമൊരുക്കി ഇൻഫാം
1584482
Monday, August 18, 2025 12:22 AM IST
പെരിങ്ങോം: കർഷക ദിനത്തോടനുബന്ധിച്ച് സ്നേഹാദരവും കർഷക സംഗമവുമൊരുക്കി ഇൻഫാം തലശേരി കാർഷിക ജില്ല. ഉമ്മറപ്പൊയിൽ സെന്റ് ജൂഡ് ചർച്ച് പാരിഷ് ഹാളിൽ തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും ഇൻഫാമിന്റേയും നേതൃത്വത്തിൽ ലയൺസ് ക്ലബ് ഓഫ് കൊച്ചി വെർച്വലിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ മികച്ച കർഷകരായി ഇൻഫാം തെരഞ്ഞെടുത്ത ആന്റണി തോമസ് നിരപ്പേൽ, കാർത്തികപുരം (ഒന്നാം സ്ഥാനം), സുനി ജോൺ മൈലാടൂർ, പുളിങ്ങോം (രണ്ടാം സ്ഥാനം), ലിസി ഷാജി മറോക്കി, മണിക്കടവ് (മൂന്നാം സ്ഥാനം) എന്നിവർക്ക് സമ്മാനങ്ങൾ നൽകി. ഒന്നാം സമ്മാനമായി 25000 രൂപയും, രണ്ടാം സമ്മാനമായി 15000 രൂപയും, മൂന്നാം സമ്മാനമായി 10000 രൂപയുമാണ് തെരഞ്ഞെടുത്ത കർഷകർക്ക് നൽകിയത്.
തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടറും ഇൻഫാം തലശേരി കാർഷിക ജില്ല ഡയറക്ടറുമായ ഫാ. ബിബിൻ വരമ്പകത്ത് അധ്യക്ഷത വഹിച്ചു. തലശേരി അതിരൂപത പ്രോട്ടോസിഞ്ചെല്ലൂസ് മോൺ. ആന്റണി മുതുകുന്നേൽ ഉദ്ഘാടനം നിർവഹിച്ചു. ലയൺസ് ക്ലബ് ജിഎടിടി ഏരിയ ലീഡർ ലയൺ എ.വി. വാമനകുമാർ മുഖ്യാതിഥിയായിരുന്നു. മികച്ച കർഷകർക്കുള്ള 50000 രൂപ സ്പോൺസർ ചെയ്ത ലയൺസ് ക്ലബ് പ്രതിനിധി സുധാകരനെ മോൺ. ആന്റണി മുതുകുന്നേൽ പൊന്നാടയണിയിച്ച് ആദരിച്ചു.
ഉമ്മറപൊയിൽ സെന്റ് ജൂഡ് ചർച്ച് വികാരി ഫാ. തോമസ് പൂകമല, ടിഎസ്എസ്എസ് മേഖലാ ഡയറക്ടർ ഫാ. ജിബിൻ മുണ്ടൻകുന്നേൽ, ഇൻഫാം കാർഷിക ജില്ലാ പ്രസിഡന്റ് സ്കറിയ നെല്ലംകുഴി, ടിഎസ്എസ്എസ് അതിരൂപത പ്രസിഡന്റ് ജോഷി കുന്നത്ത്, റിട്ട. ഡിവൈഎസ്പി വിശ്വനാഥ്, ടിഎസ്എസ്എസ് ചെറുപുഴ മേഖല പ്രസിഡന്റ് ജെമിനി എം. ജോസഫ് മൂലക്കര തുടങ്ങിയവർ പ്രസംഗിച്ചു. ഇൻഫാം തലശേരി കാർഷിക ജില്ലാ ജനറൽ സെക്രട്ടറി ഗിരി മാത്യു തിരുതാലിൽ സ്വാഗതം പറഞ്ഞു. വൃക്ഷത്തൈ വിതരണോദ്ഘാടനം എ.വി. വാമനകുമാർ നിർവഹിച്ചു.
ടിഎസ്എസ്എസ് ഉമ്മറപ്പൊയിൽ യൂണിറ്റ് പ്രസിഡന്റ് ജോണി വടക്കേൽ തൈ സ്വീകരിച്ചു. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും തേക്ക്, പ്ലാവ് തൈകൾ, കർഷകൻ മാസിക എന്നിവ വിതരണം ചെയ്ത് മെംബർഷിപ്പുകൾ സ്വീകരിച്ചു. 500 ഓളം പേർ ചടങ്ങിൽ പങ്കെടുത്തു. ടിഎസ്എസ്എസ് ഉമ്മറപ്പൊയിൽ ക്രെഡിറ്റ് യൂണിയൻ ചടങ്ങിന് ആതിഥേയത്വം വഹിച്ചു.