ജലസ്രോതസിൽ വീണ്ടും ഡീസൽ സാന്നിധ്യം; പെട്രോൾ പമ്പ് താത്കാലികമായി അടപ്പിച്ചു
1584489
Monday, August 18, 2025 12:22 AM IST
ഇരിട്ടി: കരിക്കോട്ടക്കരി വലിയപറമ്പുംകരിയിലെ ജലസ്രോതസിൽ വീണ്ടും ഡീസലിന്റെ സാന്നിധ്യം അനുഭവപ്പെടുന്നതായി നാട്ടുകാർ. ഡീസൽ കലരുന്നത് സമീപത്തെ പെട്രോൾ പമ്പിൽ നിന്നാണെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് എത്തി താത്കാലികമായി പെട്രോൾ പമ്പ് അടപ്പിച്ചു.
രണ്ടുദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്നാണ് വലിയപറമ്പുംകരി പെട്രോൾ പമ്പിന് സമീപത്തെ ജലസ്രോതസിൽ വീണ്ടും ഡീസലിന്റെ സാന്നിധ്യം അനുഭവപ്പെടാൻ തുടങ്ങിയത്. വെള്ളത്തിന്റെ മുകളിൽ ഡീസലിന്റെ പാട രൂപപ്പെടുകയും രൂക്ഷമായ ഗന്ധം അനുഭവപ്പെടുന്നതായും നാട്ടുകാർ പറയുന്നു.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ആരോപിച്ച് കോൺഗ്രസ് കരിക്കോട്ടകരി മണ്ഡലം പ്രസിഡന്റ് മനോജ് എം. കണ്ടത്തിൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശവാസികൾ പ്രതിഷേധമായി പെട്രോൾ പമ്പിൽ എത്തുകയിരുന്നു.
കഴിഞ്ഞ മാസം ഇതേ പ്രശ്നമുണ്ടായപ്പോൾ അടിയന്തര നടപടി സ്വീകരിക്കാമെന്ന് അധികൃതരും പെട്രോൾ പമ്പ് സ്ഥാപന ഉടമയും ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഇത് പാലിച്ചില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു. ടാങ്കിന്റെ ലീക്ക് പരിശോധിക്കാൻ ബന്ധപ്പെട്ട അധികാരികൾ ആരും വന്നില്ലെന്നും പണികൾ കോൺട്രാക്ടെടുത്ത ഏജൻസിയുടെ തൊഴിലാളികൾ മാത്രമാണ് ഇവിടെ എത്തി പരിശോധന നടത്തിയതെന്നും നാട്ടുകാർ ആരോപിക്കുന്നു.
ലീക്ക് കണ്ടെത്തി തടയാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വില്ലേജ് മുതൽ കളക്ടർ ഓഫീസ് വരെ പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ ഇന്ന് 11ന് വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തും.