കാടുപിടിച്ച ഭൂമിയിൽ കൃഷിചെയ്ത് പൊന്നു വിളയിച്ച് ശിവദാസൻ
1584479
Monday, August 18, 2025 12:22 AM IST
മട്ടന്നൂർ: കാടുപിടിച്ചു കിടന്ന ഭൂമിയിൽ കൃഷി ചെയ്തു പൊന്നുവിളയിക്കുകയാണ് കാഞ്ഞിലേരിയിലെ കെ. ശിവദാസൻ. മട്ടന്നൂർ നഗരസഭയിലെ നെല്ലൂന്നിയിൽ വർഷങ്ങളായി കാടുപിടിച്ചുകിടന്ന രണ്ടേക്കർ സ്ഥലത്താണ് ശിവദാസൻ കൃഷിയിറക്കിയത്. ഇതിനു പുറമെ മാലൂർ പഞ്ചായത്തിൽ മൂന്നരയേക്കറോളം സ്ഥലത്തും വിവിധയിനങ്ങൾ കൃഷി ചെയ്യുന്നുണ്ട്. നെല്ലൂന്നിയിലെ പരേതനായ അലക്സാണ്ടറുടെ മകന്റേതായിരുന്നു ഭൂമി.
പാഴ്മരങ്ങൾ നിറഞ്ഞ ഭൂമിയിൽ കൃഷി ചെയ്യാൻ സൗജന്യമായാണ് ഉടമ അനുമതി നൽകിയത്. കൃഷി നഷ്ടമാണെന്ന് പറയുന്നവർക്ക് മുന്നിൽ കൃഷി ലാഭകരമാക്കുന്ന പാഠമാണ് ശിവദാസൻ നൽകുന്നത്.
ഇതിനുപുറമെ മാലൂർ പഞ്ചായത്തിൽ മൂന്നരയേക്കറിലും കൃഷി നടത്തുന്ന കാഞ്ഞിലേരി സ്വദേശി ശിവദാസൻ മറ്റുള്ള കർഷകർക്ക് മുന്നിൽ മാതൃകയാകുകയാണ്. ഒരേക്കറിൽ വെള്ളരിയാണ് കൃഷി. ഒന്നരയേക്കറിൽ കക്കിരി, മത്തൻ, ഇളവൻ, വെണ്ട എന്നിവയും കൃഷി ചെയ്തുവരുന്നുണ്ട്.
കക്കിരി വിളവെടുക്കാനായി. 19,000 രൂപ ചെലവാക്കിയാണ് സ്ഥലത്തെ കാടുവെട്ടിത്തെളിച്ചത്. കാഞ്ഞിലേരിയിൽ ഒരേക്കറിൽ കാരാപീരി മാത്രം കൃഷി ചെയ്യുന്നുണ്ട്. 60 സെന്റിൽ പാവക്ക കൃഷിയുമുണ്ട്. മത്തൻ, കക്കിരി എന്നിവ ഒരേക്കറിലും കൃഷി ചെയ്യുന്നുണ്ട്. എടപഴശി കക്കാട്ട് പറമ്പിൽ ചെണ്ടുമല്ലി കൃഷി വേറെയുമുണ്ട്. വാഴ, മരച്ചീനി എന്നിവയും കൃഷി നടത്തുന്നുണ്ട്. മാലൂർ കൃഷിഭവനിലെ കൃഷി ഓഫീസർ ഷിബു തോമസിന്റെ സഹായം ശിവദാസൻ നന്ദിയോടെ ഓർക്കുന്നു. പ്രതിവർഷം 10 ലക്ഷം രൂപയുടെ കൃഷി ഉത്പന്നങ്ങൾ വില്പന നടത്തി വരുന്നുണ്ടെന്ന് ശിവദാസൻ പറഞ്ഞു.
കൂത്തുപറമ്പ് സമൃദ്ധി ഇക്കോ ഷോപ്പിലാണ് പ്രധാനമായും വില്പന നടത്തുന്നത്. കൂടാതെ ഗ്രാമപ്രദേശങ്ങളിലെ വിപണികളിലും ഉത്പന്നങ്ങൾ എത്തിക്കുന്നുണ്ട്. പന്നിശല്യം ഉണ്ടെങ്കിലും രാത്രി വൈകും വരെ കൃഷിയിടത്ത് കാവൽ നിൽക്കാറുണ്ട്. 30 വർഷമായി കൃഷി തന്നെയാണ് ഉപജീവനമാർഗം.
പുതിയ തലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. പാരമ്പര്യമായി കൃഷി നടത്തിവന്ന കുടുംബമാണ് അദ്ദേഹത്തിന്റേത്. അച്ഛൻ വി.എൻ. കണ്ണനും കൃഷിക്കാരനായിരുന്നു. ഭാര്യ പ്രസന്നയും അഗ്രിക്കൾച്ചർ കോഴ്സ് കഴിഞ്ഞ മകൻ അശ്വിനും കൃഷിയിൽ സഹായികളായുണ്ട്.