ജീരകപ്പാറയിൽ പുരാതനയുഗത്തിലെ ചെങ്കല്ലറ കണ്ടെത്തി
1584481
Monday, August 18, 2025 12:22 AM IST
ഭീമനടി: വെസ്റ്റ് എളേരി പഞ്ചായത്തിലെ ജീരകപ്പാറയിൽനിന്ന് പുരാതനയുഗത്തിലെ സംസ്കാരത്തിന്റെ ഭാഗമായതെന്ന് കരുതുന്ന ചെങ്കല്ലറ കണ്ടെത്തി. ചരിത്ര ഗവേഷകനും കാഞ്ഞങ്ങാട് നെഹ്റു കോളജിലെ ചരിത്രാധ്യാപകനുമായ ഡോ. നന്ദകുമാർ കോറോത്ത്, പ്രാദേശിക പുരാവസ്തു നിരീക്ഷകനായ സതീശൻ കാളിയാനം എന്നിവർ നടത്തിയ നിരീക്ഷണത്തിലാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ചെങ്കല്ലറ കണ്ടെത്തിയത്.
മുകൾ ഭാഗത്ത് വൃത്താകൃതിയിൽ ഉള്ള ദ്വാരമുണ്ടെങ്കിലും മറ്റു ചെങ്കല്ലറകളിൽ നിന്ന് വ്യത്യസ്തമായി ജീരകപ്പാറയിലെ ചെങ്കല്ലറയ്ക്ക് താഴെ ഭാഗത്ത് കവാടമില്ല. മുകൾ ഭാഗത്തുനിന്ന് ഒരു മീറ്റർ താഴത്തേക്ക് കൊത്തിയെടുത്ത നിലയിലാണ് ചെങ്കല്ലറയുള്ളത്. അടിഭാഗം ഉറപ്പേറിയ പാറയായതിനാൽ നിർമാണം പാതിയിൽവച്ച് നിർത്തിപ്പോയിരിക്കാനാണ് സാധ്യത. ഉൾഭാഗത്ത് നിറയെ ചളി നിറഞ്ഞ അവസ്ഥയിലാണ് ചെങ്കല്ലറയുള്ളത്.
കാസർഗോഡ് ജില്ലയിൽ ചീമേനി, തിമിരി, ബങ്കളം, പിലിക്കോട്, പനങ്ങാട്, തലയടുക്കം, ഉമ്മിച്ചിപൊയിൽ, വികാസ് നഗർ, ഭീമനടി, മടിക്കൈ, ബാനം, കുറ്റിക്കോൽ, ബന്തടുക്ക, പായം, പുത്തിഗെ, കല്യോട്ട്, കൂടൽ, പാത്തടുക്കം, കോടോത്ത്, വരഞ്ഞൂർ, ചുള്ളിക്കര തൂങ്ങൽ, കോളംകുളം, കല്ലഞ്ചിറ എന്നിവിടങ്ങളിൽ നിന്നു മഹാശിലാ കാലഘട്ടത്തിന്റെ ചരിത്ര ശേഷിപ്പുകളായ ചെങ്കല്ലറകൾ കണ്ടെത്തിയിട്ടുണ്ട്. ജീരകപ്പാറയിലെ ഭൂപ്രദേശത്തിന്റെ ഘടനയനുസരിച്ച് കൂടുതൽ ചെങ്കല്ലറകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.