പരിസ്ഥിതി സൗഹൃദ, അപകടരഹിത ബാറ്ററിക്ക് കൊറിയയുടെ പേറ്റന്റ്
1581558
Tuesday, August 5, 2025 10:35 PM IST
കാഞ്ഞിരപ്പള്ളി: മൊബൈല്‍ ഫോണുകളിലും വൈദ്യുതി വാഹനങ്ങളിലും ഇലക്ട്രോണിക്സ് ഉപകരണങ്ങളിലും ഉപയോഗിക്കാവുന്ന പരിസ്ഥിതി സൗഹൃദ, അപകടരഹിത ബാറ്ററികള്‍ കണ്ടുപിടിച്ചതിനു മലയാളി യുവാവിനു ദക്ഷിണ കൊറിയന്‍ സര്‍ക്കാരിന്റെ പേറ്റന്റ്.
ഇപ്പോള്‍ വിപണിയില്‍ കൂടുതലുള്ളത് ആസിഡ് ഉപയോഗിച്ചുള്ള ഇലക്ട്രോലൈറ്റുകള്‍ ദ്രവരൂപത്തില്‍ അടങ്ങിയിരിക്കുന്ന ലിഥിയം പോളിമര്‍ ബാറ്ററികളാണ്. ഇതിനു പകരം പൂര്‍ണമായും വെള്ളത്തില്‍നിന്നു വിഘടിപ്പിച്ചെടുക്കുന്ന ഖരരൂപത്തിലുള്ള ഇലക്ട്രോലൈറ്റുകള്‍ ലിഥിയവുമായി യോജിപ്പിച്ച് നിര്‍മിക്കുന്ന ബാറ്ററി കണ്ടുപിടിച്ചതിനാണ് കാഞ്ഞിരപ്പള്ളി സ്വദേശിയായ എം. ദീപുവിനു പേറ്റന്റ് ലഭിച്ചത്.
ലിഥിയം പോളിമര്‍ ബാറ്ററികള്‍ ചൂട് കൂടുമ്പോള്‍ ചിലപ്പോള്‍ പൊട്ടിത്തെറിച്ചേക്കാം. ബാറ്ററിയുടെ ചൂടുകൂടി വാഹനങ്ങള്‍ കത്തിപ്പോയ സംഭവവും ഉണ്ടായിട്ടുണ്ട്. ദീപു നിര്‍മിച്ച ബാറ്ററിയില്‍ വെള്ളത്തില്‍ നിന്നുള്ള ഇലക്ട്രോലൈറ്റുകള്‍ ആയതിനാല്‍ ചൂടാകുകയുമില്ല, പൊട്ടിത്തെറിക്കുകയുമില്ല. പരിസ്ഥിതി മലിനീകരണം ഒഴിവാക്കുവാനും കഴിയും. ഇലക്ട്രോണിക്സ് ഉപകരണങ്ങളില്‍ ലിഥിയം സൂപ്പര്‍ കപ്പാസിറ്ററായും ഉപയോഗിക്കാം. മറ്റു ബാറ്ററികള്‍ പോലെ പുനരുപയോഗിക്കാമെന്നും നിര്‍മാണച്ചെലവു കുറവാണെന്നും ദീപു പറയുന്നു.
കോട്ടയം സിഎംഎസ് കോളജില്‍നിന്ന് എംഎസ്സി അനലിറ്റിക്കല്‍ കെമിസ്ട്രി പാസായ ദീപു സൗത്ത് കൊറിയയിലെ ക്യുംഗ്പൂക്ക് നാഷണല്‍ യൂണിവേഴ്സിറ്റി ഗവേഷണ വിദ്യാര്‍ഥിയാണ്. പ്രഫ. യംഗ് ക്യൂ കിം ആണ് ഗൈഡ്. ഇടക്കുന്നം കൂവപ്പള്ളി ഉഷസ് ഭവനില്‍ എ. മുരുകദാസ്-ടി. ദീപ ദമ്പതികളുടെ മകനാണ്. തിരുവനന്തപുരം മദര്‍ തെരേസ കോളജിലെ അസിസ്റ്റന്റ് പ്രഫസര്‍ ആര്‍ദ്രയാണ് ഭാര്യ. സഹോദരി എം. ദിവ്യ ഇന്റീരിയര്‍ ഡിസൈനറാണ്.