കാഞ്ഞിരപ്പള്ളി-തമ്പലക്കാട് റോഡിലെ കുഴികള്‍ അപകടക്കെണിയൊരുക്കുന്നു
1581568
Tuesday, August 5, 2025 11:54 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി-തമ്പലക്കാട് റോഡില്‍ കടമപ്പുഴ പാലത്തിന് സമീപം രൂപപ്പെട്ട കുഴികള്‍ അപകടക്കെണിയൊരുക്കുന്നു. അടുത്തടുത്തായി രൂപം കൊണ്ട ഒന്നിലേറെ കുഴികളാണ് അപകടഭീഷണി സൃഷ്ടിക്കുന്നത്.
കാഞ്ഞിരപ്പള്ളി കുരിശുകവലയില്‍നിന്ന് തമ്പലക്കാടിന് പോകുന്ന ഭാഗത്ത് കടമപ്പുഴ പാലത്തിന് മുന്‍പായി റോഡിന്റെ വലതു വശത്താണ് കുഴികള്‍ രൂപം കൊണ്ടിരിക്കുന്നത്. കുഴികള്‍ ആരംഭിക്കുന്നതിന് മുന്‍പ് വളവടക്കം ഉള്ളതിനാല്‍ അപകടസാധ്യതയും ഏറെയാണ്. വേഗത്തില്‍ കടന്നു പോകുന്ന വാഹനങ്ങള്‍ അടുത്തുവരുമ്പോള്‍ മാത്രമാണ് കുഴികള്‍ കാണുന്നത്. വെട്ടിച്ച് മാറ്റുന്നതിനിടയില്‍ പലപ്പോഴും അപകടമുണ്ടാകാതിരിക്കുന്നത് ഭാഗ്യംകൊണ്ടു മാത്രമാണ്. ചില വാഹനങ്ങളാകട്ടെ കുഴികളില്‍ ചാടുന്ന സ്ഥിതിയുമുണ്ട്.
തമ്പലക്കാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളാണ് കൂടുതലും കുഴികളില്‍ ചാടുന്നത്. കുഴികള്‍ വെട്ടിച്ചുമാറ്റുന്ന ചില വാഹനങ്ങള്‍ കാല്‍നടയാത്രക്കാര്‍ കടന്നുപോകുന്നിടത്തു കൂടി കയറിയാണ് പാഞ്ഞുപോകുന്നത്. ഇതും അപകടസാധ്യത കൂട്ടുകയാണ്.
സ്കൂള്‍ സമയങ്ങളില്‍ ഇതുവഴി വിദ്യാര്‍ഥികള്‍ ഭീതിയോടെയാണ് കടന്നുപോകുന്നത്. മഴ പെയ്താല്‍ കുഴി കാണാന്‍ കഴിയാതെ ഇരുചക്രവാഹനങ്ങള്‍ ഇതില്‍ ചാടുന്നതും പതിവാണ്.