ഒരു സ്ഥലത്തെ ഫോട്ടോവച്ച് ഓട്ടോ ഡ്രൈവർക്ക് രണ്ടു പെറ്റി
1581569
Tuesday, August 5, 2025 11:54 PM IST
മുണ്ടക്കയം: ഉപജീവനത്തിനായി അന്നംതേടുന്ന ഓട്ടോറിക്ഷാ തൊഴിലാളികളുടെ വയറ്റത്തടിച്ച് ഹോം ഗാർഡ്. മുണ്ടക്കയം ടൗണിലാണ് സംഭവം.
ഇന്നലെ രാവിലെ വയോധികനുമായി ടൗണിലെത്തിയ ഓട്ടോറിക്ഷാ ഡ്രൈവർക്കാണ് ഒരു സ്ഥലത്തെ ഫോട്ടോവച്ച് രണ്ടു തവണയായി 750 രൂപയുടെ ചെല്ലാൻ വന്നത്. ഓട്ടോക്കൂലി കൊടുക്കാൻ ചില്ലറ ഇല്ലാതിരുന്നതിനാൽ യാത്രക്കാരൻ ഇറങ്ങി വ്യാപാര സ്ഥാപനത്തിൽനിന്നു ചില്ലറ വാങ്ങുന്നതിനിടയിൽ ഹോം ഗാർഡെത്തി ഓട്ടോറിക്ഷയുടെ നമ്പർ സഹിതം ഫോട്ടോ എടുക്കുകയായിരുന്നു. വാഹനം കടയുടെ മുമ്പിൽ പാർക്ക് ചെയ്തതിന്റെ കാരണം ഹോം ഗാർഡിനെ ബോധിപ്പിച്ചുവെങ്കിലും ഗുണമൊന്നുമുണ്ടായില്ല.
അരമണിക്കൂറിനുള്ളിൽ ഓട്ടോറിക്ഷാ ഡ്രൈവറുടെ മൊബൈൽ ഫോണിലേക്ക് 500 രൂപ പിഴ അടയ്ക്കണമെന്ന് കാണിച്ച് അറിയിപ്പു വന്നു. 30 രൂപയുടെ ഓട്ടത്തിന് 500 രൂപ പോയ സങ്കടത്തിൽ വീണ്ടും ഓട്ടോറിക്ഷ സർവീസ് തുടർന്നു. ഉച്ചകഴിഞ്ഞ് മൂന്നരയോടുകൂടി അടുത്ത മെസേജ് എത്തി. ടൗണിൽ റോഡരികിൽ പാർക്ക് ചെയ്തതിന് വീണ്ടും 250 രൂപ അടയ്ക്കണം എന്നായിരുന്നു അതിലും പറഞ്ഞിരുന്നത്. ചെല്ലാൻ സൈറ്റിൽ ഓപ്പണാക്കിയതോടെ രണ്ടെണ്ണത്തിലും ഒരേ ഫോട്ടോയാണ്. സമയം മാത്രമാണ് വ്യത്യാസം. ഇതുമായി അധികൃതരെ സമീപിച്ചപ്പോൾ ഒരെണ്ണം തെറ്റുപറ്റിയതാകാമെന്നായിരുന്നു വിശദീകരണം.
മുണ്ടക്കയം ടൗണിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് ഫൈൻ ഈടാക്കുന്ന നടപടിയിൽ വ്യാപാരികളിലും കടുത്ത അമർഷം പുകയുന്നുണ്ട്. ഇതുമൂലം വ്യാപാര സ്ഥാപനങ്ങളിൽ കച്ചവടം കുറയുന്നതായി വ്യാപാരികളും പറയുന്നു. അതേസമയം, ഹെൽമെറ്റ് ഇല്ലാതെ മൂന്നു പേരുമായി നമ്പർ പ്ലേറ്റ് മായിച്ച ഇരുചക്ര വാഹനങ്ങൾ മുണ്ടക്കയം ടൗണിലൂടെ യഥേഷ്ടം വിലസുന്നുണ്ടെങ്കിലും ഇത്തരക്കാർക്കെതിരേ യാതൊരു നടപടിയും അധികാരികൾ സ്വീകരിക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു.