പണി തീർന്നതും ഓട അതാ ഓടയിൽ!
1581572
Tuesday, August 5, 2025 11:54 PM IST
മുക്കൂട്ടുതറ: നിർമാണം നടത്തി മണിക്കൂറുകൾക്കകം ഓട നെടുനീളെ തകർന്നുവീണു. ഇന്നലെ മുക്കൂട്ടുതറ-ചാത്തൻതറ-മടത്തുംചാൽ റോഡിലെ പലകക്കാവിലാണ് സംഭവം. ഓട പൊളിഞ്ഞു വീണത് പണിയിലെ അപാകത മൂലമാണെന്ന് ആരോപണം ഉയർന്നു. കമ്പികൾ ഉപയോഗിക്കാതെയാണ് ഓട കോൺക്രീറ്റ് ചെയ്തത്.
റോഡിന്റെ വശങ്ങളിൽ എടുത്തിട്ടിരുന്ന മണ്ണ് നീക്കം ചെയ്യാതെയായിരുന്നു നിർമാണം. അതേസമയം, പണികളിൽ അപാകത ഇല്ലെന്നും വശങ്ങളിൽ മണ്ണ് നിറഞ്ഞു കിടക്കുന്നതുകൊണ്ടാണ് ഓട പൊളിഞ്ഞു വീണതെന്നുമാണ് നിർമാണം നടത്തിയ ബെഗോറ കൺസ്ട്രക്ഷൻ ഏജൻസിയുടെ വാദം. ഓടയ്ക്കു കമ്പി കെട്ടാൻ കരാറിൽ വ്യവസ്ഥ ഇല്ലെന്നും ഇവർ പറയുന്നു.
വീണ്ടും പണിയും
പൊളിഞ്ഞ ഓട ഭാഗം പുനർ നിർമാണം നടത്തുന്നതിനു നടപടി സ്വീകരിക്കുമെന്നു പൊതുമരാമത്ത് അധികൃതർ പറഞ്ഞു. മടത്തുംചാൽ-മുക്കൂട്ടുതറ റോഡ് ഉന്നത നിലവാരത്തിലാക്കാനുള്ള നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഓട നിർമാണവും. റോഡിന്റെ വശത്തെ സംരക്ഷണഭിത്തി കെട്ടൽ, കലുങ്കുകളുടെ നിർമാണം, സൂചനാ ബോർഡുകൾ, ക്രാഷ് ബാരിയറുകൾ, റോഡിന്റെ വശങ്ങളിൽ ഓടകൾ, ഇന്റർലോക്ക് പാകൽ, ഐറിഷ് ഡ്രെയിൻ, റോഡ് അടയാളപ്പെടുത്തൽ എന്നിവയാണ് നടന്നുവരുന്നത്. പണികൾ അവസാന ഘട്ടത്തിലാണ്. 17.75 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
റോഡിന്റെ പുനർനിർമാണം കിഫ്ബിയാണ് നടത്തുന്നത്. 36 കിലോമീറ്റർ ദൂരം വരുന്ന റോഡ് 10 മീറ്റർ വീതിയിൽ പുനരുദ്ധരിച്ച് 5.5 മീറ്റർ വീതിയിലാണ് ടാറിംഗ്. 51.65 കോടി രൂപയാണ് പദ്ധതിക്കു മൊത്തമായി ചെലവഴിക്കുന്നത്.