വെളിയന്നൂർ ആശുപത്രി കെട്ടിട നിർമാണത്തിന് 1.98 കോടി
1581573
Tuesday, August 5, 2025 11:54 PM IST
വെളിയന്നൂർ: കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ മന്ദിര നിർമാണത്തിന് 1.98 കോടി രൂപ. 15-ാം ധനകാര്യ കമ്മീഷൻ ഗ്രാന്റിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാരാണ് ഫണ്ട് അനുവദിച്ചത്. കുടുംബാരോഗ്യകേന്ദ്ര മന്ദിരത്തിന് 1.43 കോടി രൂപയും അനുബന്ധമായി നിർമിക്കുന്ന പ്രധാന സെന്ററിന് 55 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
ജംഗ്ഷനു സമീപമുള്ള പഴയ കുടുംബക്ഷേമകേന്ദ്രം പ്രവർത്തിച്ചിരുന്ന സ്ഥലത്താണ് പുതിയ മന്ദിരം നിർമിക്കുന്നത്. ആർദ്രം മിഷന്റെ ഒന്നാംഘട്ടത്തിലാണ് പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്ന വെളിയന്നൂരിനെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. പ്രവർത്തനസമയവും സേവന ഘടകങ്ങളും വർധിപ്പിച്ചാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി മാറ്റിയത്.
ആധുനിക ലബോറട്ടറി, പ്രീ ചെക്ക് കൗൺസലിംഗ്, എൻസിഡി ക്ലിനിക്കുകൾ തുടങ്ങിയവയും വ്യായാമത്തിനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തി.
ദീർഘകാല ശ്വാസകോശ രോഗങ്ങളുടെ പ്രതിരോധം, നിയന്ത്രണം, പുനരധിവാസം തുടങ്ങിയവ ലക്ഷ്യമിട്ട് ശ്വാസ് പദ്ധതി, വിഷാദരോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനുമുള്ള ആശ്വാസം പദ്ധതി എന്നിവയും നിലവിൽ ലഭ്യമാണ്.
വെളിയന്നൂർ പഞ്ചായത്ത് ഭരണസമിതി സംസ്ഥാന സർക്കാരിന് നൽകിയ അപേക്ഷ പരിഗണിച്ചാണ് പുതിയ മന്ദിരനിർമാണത്തിന് ഫണ്ട് അനുവദിച്ചത്. പുതിയ മന്ദിരനിർമാണം പൂർത്തിയാകുന്നതോടെ നിലവിലുള്ള മന്ദിരത്തെ സ്വരാജ് പുരസ്കാര തുകയായി രണ്ടു ഘട്ടങ്ങളിലായി ലഭിച്ച 55 ലക്ഷം രൂപ കൂടി മുടക്കി വയോജന സംരക്ഷണ ചികത്സാകേന്ദ്രമാക്കി മാറ്റുന്നതിനുള്ള പദ്ധതി ഗ്രാമപഞ്ചായത്ത് തയാറാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി അറിയിച്ചു.